Join News @ Iritty Whats App Group

മാസപ്പടി ഇടപാടിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല; നാളത്തേക്ക് മാറ്റി

മാസപ്പടി ഇടപാടിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല; നാളത്തേക്ക് മാറ്റി


കൊച്ചി: മാസപ്പടി ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. അപ്പീലുകൾ നാളെ പരിഗണിക്കും. നേരത്തെ ഇന്ന് നാല് മണിക്ക് അപ്പീൽ പരിഗണിക്കുമെന്നായിരുന്നു അറിയിപ്പ്. അപ്പീൽ നൽകാൻ കോടതിയുടെ പ്രത്യേക അനുമതിക്കുള്ള ഹർജിയാണ് നാളെ പരിഗണിക്കുക. സിംഗിൾ ബെഞ്ച് കേസിൽ പിണറായി കക്ഷി അല്ലാത്തതിനാലാണ് സ്പെഷ്യൽ ലീവ് പെറ്റീഷൻ നൽകിയിട്ടുള്ളത്.

സിഎംആർഎൽ–എക്സാലോജിക് പണമിടപാടു കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയൻ അടക്കമുള്ളവർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. സിംഗിൾ ബെഞ്ച് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ എടുത്തെന്നാണ് സർക്കാർ വിശദീകരിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രതിയുടെ അഭിപ്രായം കേൾക്കേണ്ടതുണ്ടോ എന്ന് കോടതിയും ചോദിച്ചിരുന്നു. വിവരങ്ങളും തെളിവുകളും ഉണ്ടെങ്കിൽ കേസ് എടുക്കാൻ ആരോപണ വിധേയനെ കേൾക്കേണ്ടത് ഉണ്ടോ എന്നും കോടതി ചോദിച്ചു.

സിംഗിൾ ബെഞ്ചിന് മുന്നിലുണ്ടായിരുന്ന ഹർജിയിൽ കക്ഷികളായിരുന്നില്ലെന്നതിനാലാണ് പിണറായി വിജയൻ അടക്കമുള്ളവർ അപ്പീൽ നൽകാൻ അനുമതി തേടിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്താൽ എന്താണ് സംഭവിക്കുകയെന്ന് ജസ്റ്റിസുമാരായ കെ. നടരാജനും ജോബിൻ സെബാസ്റ്റ്യനും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു. തുടർന്ന് അപ്പീൽ ഫയൽ ചെയ്യാൻ അനുമതി നൽകുകയായിരുന്നു. ഒക്ടോബർ ഒൻപതിലെ സിംഗിൾ ബെഞ്ച് വിധി പൂർണമായി റദ്ദാക്കുക, എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവും തുടർനടപടികളും അപ്പീലിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ സ്റ്റേ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് പിണറായി വിജയൻ അടക്കമുള്ളവർ ഉന്നയിച്ചിരിക്കുന്നത്. ആകെ നാല് സെറ്റ് അപ്പീലുകളാണ് സമർപ്പിച്ചിട്ടുള്ളത്.

തന്‍റെ വാദം കേൾക്കാൻ അവസരം നൽകാതെയാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചതെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നുമാണ് പ്രധാനമായും പിണറായി വിജയൻ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട പരാതികൾ നേരത്തേ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പരിശോധിച്ച് തള്ളിയതാണെന്നും അപ്പീലിൽ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group