സിനിമ വെല്ലുന്ന നാടകീയ രംഗങ്ങള്‍! മീനങ്ങാടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കാര്‍ കൊട്ടിയൂരില്‍ വെച്ച് തകര്‍ക്കാൻ ശ്രമം; രണ്ടുപേരെ പുഴയില്‍ നിന്ന് പിടികൂടി
ഇരിട്ടി:മീനങ്ങാടിയില്‍ നിന്ന് വ്യാപാരിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കാർ കൊട്ടിയൂരില്‍വെച്ച് തകർക്കാൻ ശ്രമം.
ബുധനാഴ്ച രാത്രി കൊട്ടിയൂർ നീണ്ടുനോക്കി സമാന്തര റോഡിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കവർച്ചാ സംഘത്തിലെ രണ്ടുപേരെ കേളകം പൊലീസും നാട്ടുകാരും ചേർന്ന് ബാവേലി പുഴയില്‍ നിന്ന് പിടികൂടി.കർണാടകയിലെ ബേഗൂരില്‍ ക്വാറി ബിസിനസ് നടത്തുന്ന കൊടുവള്ളി സ്വദേശി ജാഫറിനെ ബുധനാഴ്ച വൈകിട്ട് ആറോടെ മീനങ്ങാടിയില്‍വെച്ചാണ് പത്തംഗ സംഘം ആക്രമിച്ചത്. രണ്ട് കാറുകളിലായെത്തിയ സംഘം ജാഫറിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് കാറും അതിലുണ്ടായിരുന്ന 21,000 രൂപയും തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ ജാഫർ മീനങ്ങാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തട്ടിയെടുത്ത ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ മൂന്ന് കാറുകളിലായി കൊട്ടിയൂരില്‍ എത്തിയ അക്രമി സംഘം, നീണ്ടുനോക്കി പാലത്തിനടുത്തുള്ള വിജനമായ സ്ഥലത്തുവെച്ച് കാർ തകർക്കാൻ ശ്രമിക്കുകയായിരുന്നു. സീറ്റുകള്‍ കുത്തിക്കീറി സാധനങ്ങള്‍ പുറത്തേക്കെറിയുന്നത് കണ്ട നാട്ടുകാർ പ്രദേശം വളഞ്ഞതോടെ അക്രമികള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് സമീപത്തെ പുഴയില്‍ ചാടിയ രണ്ടുപേരെ നാട്ടുകാരും കേളകം പൊലീസും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. സംഘത്തില്‍ മലയാളികളും കർണാടക സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
إرسال تعليق