ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവച്ച് ശ്രീലേഖ
തിരുവനന്തപുരം: ബിജെപി കൗൺസിലർ സ്ഥാനം രാജിവച്ച് ആർ. ശ്രീലേഖ. ശാസ്തമംഗലം കൗൺസിലർ സ്ഥാനമാണ് രാജിവച്ചത്.
മേയർ സ്ഥാനം നല്കാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ശ്രീലേഖ. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടിയാണ് ശ്രീലേഖയുടെ രാജി.
മേയർ വി.വി രാജേഷിനും ജില്ലാ കലക്ടർക്കും ശ്രീലേഖ രാജികത്ത് കൈമാറി. നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി.കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസറും ആദ്യ വനിതാ ഡിജിപിയുമായിരുന്നു ആർ. ശ്രീലേഖ.
തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്രവിജയം ലഭിച്ചതിന് പിന്നാലെ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ശ്രീലേഖ ഉയർത്തിയിരുന്നു. എന്നാൽ ബിജെപി നേതൃത്വം വി.വി.രാജേഷിനെ മേയർ സ്ഥാനത്തേക്ക് തീരുമാനിക്കുകയായിരുന്നു.
മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ശ്രീലേഖ നേരത്തെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൗൺസിലർ സ്ഥാനത്തുനിന്നുള്ള അപ്രതീക്ഷിത രാജി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളെച്ചൊല്ലി ശ്രീലേഖയും നേതൃത്വവും തമ്മിൽ ഭിന്നതയുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോർപറേഷൻ ഭരണവുമായി ബന്ധപ്പെട്ട് ശ്രീലേഖ നേരത്തെയും വിവിധ വിഷയങ്ങളിൽ നിലപാടുകൾ വ്യക്തമാക്കിയിരുന്നു.
إرسال تعليق