സർക്കാർ ആശുപത്രിയിൽ നാടകം; അത്യാഹിത വിഭാഗത്തിലേക്ക് അലഞ്ഞുതിരിയുന്ന കാളകൾ ഇരച്ചുകയറി; ഭയന്നോടി രോഗികൾ, വീഡിയോ വൈറൽ
ഉത്തർപ്രദേശിലെ ഒരു സർക്കാർ ആശുപത്രിയിൽ രണ്ട് തെരുവ് കാളകൾ അത്യാഹിത വിഭാഗത്തിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. മഹോബ ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രി വരാന്തയിലൂടെയും വാർഡിലൂടെയും കാളകൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള സുരക്ഷാ ആശങ്കകളാണ് ഉയർന്നിരിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രധാന പ്രവേശന കവാടത്തിലൂടെ ആശുപത്രിക്ക് അകത്തുകടന്ന കാളകൾ നേരെ രോഗികൾക്ക് ചികിത്സ നൽകുന്ന അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
അപകടകരമായ രീതിയിൽ കാളകൾ വാർഡിനുള്ളിലൂടെ നടക്കുന്നത് കണ്ട് കിടക്കകളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികൾ ഭയന്നുവീഴുകയും കട്ടിലുകളിൽ നിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. കൂട്ടിരിപ്പുകാർ രോഗികളെ സുരക്ഷിതരായി മാറ്റാൻ പെടാപാടുപെട്ടു.
തുടർന്ന് കൂട്ടിരിപ്പുകാരുടെ സമയോചിതമായ ഇടപെടലിൽ ഒരു കാളയെ പുറത്തിറക്കാൻ സാധിച്ചെങ്കിലും, മറ്റേ കാള കുറേനേരം കൂടി വാർഡിനുള്ളിൽ തന്നെ അലഞ്ഞുതിരിഞ്ഞു നടന്നു. ആർക്കും പരിക്കുകൾ പറ്റിയിട്ടില്ല എന്നത് ആശ്വാസകരമാണ്. പിന്നീട് ജീവനക്കാരും മറ്റുള്ളവരും ചേർന്ന് രണ്ടാമത്തെ കാളയെയും പുറത്തേക്ക് തുരത്തിയോടിച്ചു.
ആശുപത്രിയിൽ വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികളും രോഗികളുടെ കൂട്ടിരിപ്പുകാരും ആരോപിച്ചു. അത്യാഹിത വിഭാഗത്തിലേക്ക് അലഞ്ഞുതിരിവന്ന മൃഗങ്ങൾക്ക് എങ്ങനെ പ്രവേശിക്കാൻ കഴിഞ്ഞുവെന്നത് വലിയ വീഴ്ചയാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
ആശുപത്രി പരിസരത്ത് തെരുവ് കന്നുകാലികളുടെ ശല്യം രൂക്ഷമാണെന്നും അധികാരികൾ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെടുന്നു. സംഭവത്തിൽ ആശുപത്രി അധികാരികളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
Post a Comment