Join News @ Iritty Whats App Group

ബീഫ് കഴിച്ചതിന് പരിഹാസവും ജാതി അധിക്ഷേപവും; തമിഴ്നാട്ടിൽ സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

ബീഫ് കഴിച്ചതിന് പരിഹാസവും ജാതി അധിക്ഷേപവും; തമിഴ്നാട്ടിൽ സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി


കോയമ്പത്തൂർ: ജാതിയുടേയും ബീഫ് കഴിച്ചതിന്റേയും പേരില്‍ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചത് കാരണം പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി.

കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂള്‍ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. ‍ഒക്ടോബർ ഒന്നിന് പീലുമേട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് വിദ്യാർഥികള്‍ ഉള്‍പ്പെടെ അധ്യാപകനായ വിജയകുമാർ, സ്‌കൂള്‍ പ്രിന്‍സിപ്പലായ അരുണ്‍കുമാർ എന്നീ നാലുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനും മറ്റ് വകുപ്പുകള്‍ പ്രകാരവും പീലമേട് പൊലീസ് കേസെടുത്തു.

ബീഫ് കഴിക്കുന്നവനാണെന്ന് ആരോപിച്ച്‌ തന്റെ മകനെ അഞ്ച് വിദ്യാര്‍ഥികള്‍ രണ്ട് മാസം മുമ്പ് ക്ലാസ് മുറിയില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയതായി വിദ്യാര്‍ഥിയുടെ മാതാവ് എ. കൗസല്യാദേവി ആരോപിക്കുന്നു. ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് മാതാവിനോട് പറഞ്ഞാണ് അഖിലൻ വീടുവിട്ടിറങ്ങിയത്. വീട്ടുജോലിക്കാരിയായ അമ്മ ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് അഖിലനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കോളര്‍ഷിപ്പിനായി പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ അധ്യാപകൻ വിജയകുമാര്‍ ക്ലാസില്‍ വെച്ച്‌ വിദ്യാർഥികളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അഖിലൻ ഇതിനായി അപേക്ഷിച്ചിരുന്നു. തുടർന്ന് അധ്യാപകൻ നിങ്ങളില്‍ എത്രപേർ ബീഫ് കഴിക്കുന്നവരാണെന്ന് ചോദിച്ചു. മറുപടിയായി അഖിലനും മറ്റ് നാല് പേരും എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. ഇതിനുശേഷം രണ്ട് സഹപാഠികള്‍ ജാതിയുടെ പേരില്‍ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് മാതാവ് പറയുന്നു. ഈ ഉപദ്രവങ്ങളെക്കുറിച്ച്‌ അഖിലൻ പ്രിൻസിപ്പല്‍ അരുണ്‍കുമാറിനോട് പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നും മാതാവ് ആരോപിക്കുന്നു.

ഭാരതീയ ന്യായ സംഹിതയിലെയും പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സ്കൂള്‍ അധികൃതരെയും അധ്യാപകരെയും പൊലീസ് സഹായിക്കുന്നെന്ന് ആരോപിച്ച്‌ ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group