നിയന്ത്രിത മരുന്ന് കൈവശം: സൗദിയില് കസ്റ്റഡിയിലായ മലയാളി നഴ്സ് മോചിതയായി; കുടുംബത്തിന് ആശ്വാസം
ജിദ്ദ: നിയന്ത്രിത മരുന്ന് കൈവശമുണ്ടെന്ന സംശയത്തെത്തുടര്ന്ന് ജിദ്ദ വിമാനത്താവളത്തില് പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന (32) മോചിതയായി.
വിശദമായ അന്വേഷണത്തില് ഇവര്ക്കെതിരായ സംശയങ്ങള് ദുരീകരിക്കപ്പെടുകയും നിരപരാധിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് അധികൃതര് മോചിപ്പിച്ചത്.
വയനാട് സുല്ത്താന് ബത്തേരിക്കടുത്ത് നീലഗിരി ജില്ലയുടെ അതിര്ത്തിയിലുള്ള അയ്യങ്കൊല്ലി ആനന്ദ് നിവാസില് രവി-ശെല്വി ദമ്പതികളുടെ മകളായ ഫിലോമിന മൂന്ന് വര്ഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയില് നഴ്സായി ജോലി ചെയ്തുവരികയാണ്. വാര്ഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവില്നിന്നുള്ള വിമാനത്തില് ജിദ്ദ വഴി റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
ജിദ്ദയില് വിമാനമിറങ്ങിയശേഷം പിതാവ് രവിക്കും ഭര്ത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തില് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര് തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോണ് ആവശ്യപ്പെട്ടെന്നും ഫിലോമിന അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ കുടുംബം ആശങ്കയിലായി. തുടര്ന്ന് ഫിലോമിനയെക്കുറിച്ച് അന്വേഷിക്കുകയും പരാതി നല്കുകയും ചെയ്തു.
റിയാദിലെ കിങ് ഫഹദ് ആശുപത്രി അധികൃതരുമായും സഹപ്രവര്ത്തകരുമായും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ കുടുംബം നിയമസഹായം തേടി. തുടര്ന്ന് റിയാദിലെ ഇന്ത്യന് എംബസിയുടെയും ജിദ്ദയിലെ ഇന്ത്യന് കോണ്സുലേറ്റിന്റെയും സാമൂഹിക പ്രവര്ത്തകരുടെയും ഇടപെടലില് നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന ജിദ്ദ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചത്.
സൗദിയില് നിയന്ത്രണമുള്ള മരുന്ന് കൈവശമുണ്ടെന്ന സംശയത്തെത്തുടര്ന്ന് കസ്റ്റഡിയിലെടുത്ത ഫിലോമിനയെ തുടര്നടപടികള്ക്കായി ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന് കൈമാറിയിരുന്നു. വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ഒടുവില് ഇവര്ക്കെതിരായ സംശയങ്ങള് നീങ്ങിയതോടെയാണ് മോചനം. ദിവസങ്ങളോളം വിവരമൊന്നും ലഭിക്കാതെ ആശങ്കയിലായിരുന്ന കുടുംബത്തിന് ഫിലോമിനയുടെ മോചനം ആശ്വാസമായി.
إرسال تعليق