പിറന്നാള്‍ ആഘോഷം അതിരുവിട്ടു; പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് 'പണികിട്ടി'
കണ്ണൂർ: പൊലിസ് ക്വാർട്ടേഴ്സില്‍ മദ്യസല്‍ക്കാരവും കൈയാങ്കളിയുമുണ്ടായ സംഭവത്തില്‍ നടപടിയുമായി ആഭ്യന്തരവകുപ്പ്.
മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലുണ്ടായ സംഭവത്തില്‍ എസ്ഐയോടും ഹവില്ദാറിനോടും ക്വാർട്ടേഴ്സ് ഒഴിയാൻ നിർദ്ദേശം നല്കി. ഒരു മാസത്തിനകം ക്വാർട്ടേഴ്സ് ഒഴിയണമെന്നാണ് കെഎപി അസിസ്റ്റന്റ് കമാൻഡിന്റെ നിർദ്ദേശം.
ഒരു പൊലിസുകാരന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് ക്വാർട്ടേഴ്സില്‍ മദ്യസല്‍ക്കാരവും വിരുന്നും സംഘടിപ്പിച്ചത്. എന്നാല്‍ ആഘോഷം അതിരുവിട്ടതോടെ ഉദ്യോഗസ്ഥർ തമ്മില്‍ കൈയാങ്കളിയുണ്ടായി. സംഭവത്തില്‍ എസ്ഐയും എഎസ്ഐയും ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരോട് നേരത്തേ വകുപ്പുതല നടപടിയുടെ ഭാഗമായി വിശദീകരണം തേടിയിരുന്നു.
ഉദ്യോഗസ്ഥർ നല്കിയ വിശദീകരണങ്ങള്‍ പരിശോധിച്ച ശേഷമാണ് തുടർനടപടിയുടെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥരോട് ക്വാർട്ടേഴ്സ് ഒഴിയാൻ നിർദേശിച്ചത്. പകരം താമസസൗകര്യം കണ്ടെത്തുന്നതിനായിട്ടാണ് ഒരു മാസത്തെ സമയം അനുവദിച്ചിരിക്കുന്നത്.
Post a Comment