കൂട്ടുപുഴ എം ഡി എം എ കേസിൽ വീണ്ടും അറസ്റ്റ്, പാലക്കാട് സ്വദേശിയെ പിടികൂടി ഇരിട്ടി പൊലീസ്
ഇരിട്ടി : കൂട്ടുപുഴയിൽ എം.ഡി.എം.എ സഹിതം പിടിയിലായ അഞ്ചംഗസംഘത്തിന് സാമ്പത്തിക സഹായം നൽകുന്ന മലപ്പുറത്തെ മയക്കുമരുന്ന് സംഘത്തലവൻ പിടിയിൽ.
പാലക്കാട് പയ്യനാടം പോത്തുവപ്പാടം സ്വദേശിയും ഇപ്പോൾ മലപ്പുറം പെരിന്തൽമണ്ണ അമ്മിണിക്കടവിൽ താമസക്കാരനുമായ ജാസിം ബാദുഷ (27)യെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയലിൻ്റെ നിർദേശപ്രകാരം ഇരിട്ടി ഡിവൈ.എസ്.പി: പി.കെ.ധനഞ്ജയ ബാബുവിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ സി.ഐ. കെ.വി.ഉമേശൻ അറസ്റ്റ് ചെയ്തത്.
കൂട്ടുപുഴയിൽ എം.ഡി.എം.എ സഹിതം പിടിയിലായ സംഘത്തെ ചോദ്യംചെയ്തതിനെ തുടർന്ന് വടകര കോട്ടക്കടവ് സ്വദേശിനി രോഷ്നി സാവിയോ (33), ഇവരുടെ ആൺസുഹൃത്ത് കോട്ടയം കാടനാട് ചെമ്മായത്ത് മുല്ലക്കൽ വീട്ടിൽ സാവിയോ മാത്യു (27) എന്നിവരെ കഴിഞ്ഞ അഞ്ചിന് പിടികൂടിയിരുന്നു. ജയിലിലടക്കപ്പെട്ട രോഷ്നിയും 11ന് ന്യൂമാഹിയിൽ എം.ഡി.എം.എയുമായി പിടിയിലായ തലശേരി ചാലിൽ അമ്പലപ്പറമ്പത്ത് പി.കെ.റുബൈദയും വനിതാ ജയിലിൽ എം.ഡി.എം.എ ഇടപാട് നടത്തുന്നതിനിടയിൽ 13ന് ജയിലധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് രോഷ്നിക്ക് ഉൾപ്പെടെ സാമ്പത്തിക സഹായം എത്തിക്കുന്നവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയത്. ഈ അന്വേഷണമാണ് ജാസിം ബാദുഷയിലെത്തിയത്.
മലപ്പുറം ജില്ലയിൽ എം.ഡി.എം.എ എത്തിക്കുന്ന പ്രധാനിയാണ് ജാസിം ബാദുഷയെന്നു പൊലീസ് പറഞ്ഞു. രോഷ്നി സാവിയോ ഉൾപ്പെടെയുള്ളവർക്ക് എം.ഡി.എം.എ വാങ്ങിക്കാൻ പണമെത്തിച്ച് നൽകിയത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മോഷണം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കേസുകളിൽ പ്രതിയാണ് ഇയാൾ. ഇരിട്ടി മയക്കുമരുന്ന് കേസിൽ സാമ്പത്തിക സഹായം നൽകിയ കൂടുതൽ പേർ പിടിയിലാകുമെന്നാണ് സൂചന. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിലെ അനൂപ്, ഷെഫീഖ്, ഷംസുദീൻ എന്നിവരും ജാസിം ബാദുഷയെ മലപ്പുറത്ത് നിന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇതോടെ ഇരിട്ടി എം.ഡി.എം.എ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
Post a Comment