‘മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി’; വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ മൊഴി കൃത്രിമമെന്ന് വനിതാ എസ്ഐ, ഗൺമാനെതിരെ നടപടിക്ക് ശുപാർശ
മുൻമന്ത്രി വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ തന്റെ പേരിൽ രേഖപ്പെടുത്തിയ മൊഴി കൃത്രിമമാണെന്ന് വനിതാ എസ്ഐ. മുൻ കണ്ണൂർ ടൗൺ എസ്ഐ ദീപ്തിയാണ് പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) ഇക്കാര്യം മൊഴി നൽകിയത്. കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന തരത്തിൽ തന്റെ പേരിൽ വ്യാജമൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തിയുടെ ആരോപണം. ആദ്യ അന്വേഷണസംഘം തന്റെ മൊഴിയെടുത്തിട്ടില്ലെന്നും അവർ എസ്ഐടിയെ അറിയിച്ചതായാണ് വിവരം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയാണ് ദീപ്തി.
അതേസമയം, കേസിൽ തെറ്റായ മൊഴി നൽകിയെന്ന ആരോപണം നേരിടുന്ന വീണാ ജോർജിന്റെ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് എസ്ഐടി ഉടൻ ഡിജിപിക്ക് കൈമാറിയേക്കും. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. എന്നാൽ, ആയുധമുപയോഗിച്ച് പ്രതിഷേധക്കാർ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന ആദ്യ മൊഴി അഭിലാഷ് എസ്ഐടിക്ക് മുന്നിൽ തിരുത്തിയെന്നാണ് റിപ്പോർട്ട്. ആക്രമണശ്രമം നേരിട്ട് കണ്ടിട്ടില്ലെന്നും വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് തെറ്റായ മൊഴി നൽകിയതെന്നും അഭിലാഷ് വെളിപ്പെടുത്തിയതായി അന്വേഷണവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ വീണാ ജോർജ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എംഎൽഎയും രംഗത്തെത്തി.
കേസിൽ പ്രതികളായ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി. എസ്ഐടി തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധദിവസം നടന്ന സംഭവങ്ങളെക്കുറിച്ച് ഇവരിൽനിന്ന് വിവരങ്ങൾ തേടിയത്. ഗൺമാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ പൊലീസ് ഇൻസ്പെക്ടറുടെ മൊഴിയും രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചകളുണ്ടായെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മൊഴികളിലെ വൈരുധ്യങ്ങളും അന്വേഷണത്തിലെ നടപടിക്രമങ്ങളും പരിശോധിച്ചുവരികയാണ്.
إرسال تعليق