ജനങ്ങൾക്ക് വീണ്ടും ‘ഷോക്ക്’; വൈദ്യുതി നിരക്കും സർചാർജും കൂടിയേക്കും, പീക്ക് സമയത്തിലും മാറ്റം; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റെഗുലേറ്ററി കമ്മീഷൻ
വൈദ്യുതി മുടക്കം മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്നതിനിടെ നിരക്ക് വർധനയ്ക്കും വഴിയൊരുങ്ങുന്നു. വൈദ്യുതി നിരക്കിലും സർചാർജുകളിലും മാറ്റം വരുത്താൻ സാധ്യതയുള്ള പുതിയ താരിഫ് നയം സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വർഷത്തേക്കുള്ള നയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഇത് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
കെഎസ്ഇബിയുടെ മുൻകാല നഷ്ടം ഏകദേശം 5,000 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയ്ക്കൊപ്പം ഹ്രസ്വകാല വൈദ്യുതി കരാറുകളിലെ അധിക ചെലവുകളും ഉപഭോക്താക്കളെ ബാധിക്കുന്ന രീതിയിലാണ് പുതിയ നയത്തിന്റെ ഘടനയെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്താനുള്ള വ്യവസ്ഥകളുണ്ട്. എന്നാൽ, ഉപഭോക്താക്കൾക്ക് എത്രത്തോളം അധിക ബാധ്യതയുണ്ടാകുമെന്നത് നിരക്ക് നിർണയവും തുടർ തീരുമാനങ്ങളും അനുസരിച്ചായിരിക്കും വ്യക്തമാകുക.
വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയത്തിലും മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇനി വൈകിട്ട് ആറുമുതൽ രാത്രി 11.30 വരെയുള്ള സമയമാണ് പീക്ക് സമയമായി കണക്കാക്കുക. ഈ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് ബാധകമാകുന്ന നിരക്കുകളിൽ മാറ്റമുണ്ടായേക്കും. പുതിയ താരിഫ് നയം നടപ്പാകുന്നതോടെ ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പെടെയുള്ളവരുടെ വൈദ്യുതി ബില്ലിൽ വർധനയുണ്ടാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
Post a Comment