ഗ്യാനേഷ് കുമാറിനെതിരെ അണിനിരന്ന് ജനത; ജന്തർ മന്തറിലെ പ്രതിഷേധത്തിൽ ഉലഞ്ഞ് തലസ്ഥാനം; ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചു; എംഎ ബേബിയും ബൃന്ദാ കാരാട്ടും അറസ്റ്റിൽ
ജന്തർ മന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ പ്രതിഷേധ പരിപാടികൾ കനക്കുമ്പോൾ അടിച്ചമർത്തൽ നടപടിയുമായി ഭരണകൂടം. AISA, രാജ്യസഭാ എംപി മനോജ് ഝാ, സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ ചേർന്ന് ആഹ്വാനം ചെയ്തപ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. അനധികൃത ഒത്തുചേരലുകൾ, പ്രകടനങ്ങൾ, ഘോഷയാത്രകൾ എന്നിവയ്ക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് ന്യൂഡൽഹി ജില്ലയിലുടനീളം ബിഎൻഎസ്എസ് (BNSS) സെക്ഷൻ 163 നിലവിലുണ്ട്. ഡൽഹി പോലീസിനെയും സിഎപിഎഫ് (CAPF) സേനയെയും അധികമായി ജന്തർ മന്തറിൽ വിന്യസിച്ചിട്ടുണ്ട്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ ജന്തർ മന്തറിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായി. നിരവധി പ്രവർത്തകരാണ് ജന്തർ മന്തറിലേക്ക് മാർച്ചായി എത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളും സംഘത്തിലുണ്ടായിരുന്നു. വലിയ ജനപങ്കാളിത്തമാണ് ഇടത് പ്രതിഷേധത്തിനുണ്ടായിരുന്നത്.
പ്രതിഷേധം ശക്തമായതോടെ പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, മുതിർന്ന നേതാവ് ബൃന്ദാ കാരാട്ട് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എ.എ.റഹീം, ജെയ്ക് സി.തോമസ് എന്നിവരേയും അറസ്റ്റ് ചെയ്തു നീക്കി.
പ്രതിഷേധത്തിനെത്തിയ എഎപി നേതാവ് സൗരവ് ഭരദ്വാജ്, സജ്ഞീവ് ത്സാ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജന്തര്‍ മന്തറിന് സമീപത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഒരു സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുമ്പോൾ മറ്റുള്ളവര്‍ വീണ്ടും പ്രതിഷേധത്തിനെത്തുന്നുണ്ട്. പ്രതിഷേധത്തിനായി എത്തുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയാണ്.. ജന്തർ മന്തറിൽ രണ്ടു കിലോമീറ്റർ ചുറ്റളവിൽ റോഡുകൾ അടച്ചു. മറ്റു പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലും ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നുണ്ട്.
അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ ഡൽഹി മെട്രോയുടെ 11 സ്റ്റേഷനുകളിലെ പ്രവേശന-പുറത്തുകടക്കൽ കവാടങ്ങൾ അടച്ചിട്ടിരിക്കുകയാണ്. കൂടാതെ, ജന്തർ മന്തർ, പാർലമെന്റ് സ്ട്രീറ്റ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച സമരം ആരംഭിക്കുകയും കോക്രോച്ച് ജനത പാർട്ടിയുടെ സമരവും ആരംഭിക്കാനിരിക്കെ തലസ്ഥാനം കടുത്ത സംഘർഷാവസ്ഥയിലാണ്, മോദി ഭരണകൂടം കനത്ത സമ്മർദ്ദത്തിലും. ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്ന സിജെപി (CJP), മുംബൈയിലെ ശിവാജി പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിജെപിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയാണ് ഈ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.
إرسال تعليق