പിണറായി വിജയനും തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിനും നേരിട്ട തിരഞ്ഞെടുപ്പ് പരാജയങ്ങൾ ആസൂത്രിതം;ആഞ്ഞടിച്ച് അഭിജീത് ദീപ്കെ
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കി കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. വോട്ടർ പട്ടികയിൽനിന്ന് അർഹരായ വോട്ടർമാരെ ഒഴിവാക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ദീപ്കെയുടെ ആരോപണം. ജനാധിപത്യവും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കുന്നതിനായി സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ പിണറായി വിജയനും തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിനും നേരിട്ട തിരഞ്ഞെടുപ്പ് പരാജയങ്ങൾ ആസൂത്രിതമാണെന്നും ഇവ യാദൃച്ഛികമായി സംഭവിച്ചതായി കരുതാനാകില്ലെന്നും ദീപ്കെ ആരോപിച്ചു. വോട്ടർ പട്ടികയിൽനിന്ന് ആളുകളെ ഒഴിവാക്കുന്നതിലൂടെ ബിജെപിക്കാണ് രാഷ്ട്രീയ നേട്ടമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുന്നവരെ മരിച്ചവരായി രേഖപ്പെടുത്തി വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതെങ്ങനെയെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിക്കുന്നുവെന്ന വിമർശനത്തോടും ദീപ്കെ പ്രതികരിച്ചു. സമരം ചെയ്യുന്നത് പൗരന്മാരുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് അനുമതി നൽകുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കുടുംബസ്വത്തല്ലെന്നും ബെംഗളൂരുവിൽ സമാധാനപരമായി പ്രതിഷേധിച്ച തങ്ങൾക്ക് ഡൽഹിയിൽ സമരം നടത്താൻ അനുമതി നൽകാത്തത് എന്തുകൊണ്ടാണെന്നും ദീപ്കെ ചോദിച്ചു.
രാജ്യത്തെ യുവജനങ്ങൾ ഭയപ്പെടുന്നില്ലെന്നും അറസ്റ്റ് വരിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്നും ഇത് സിജെപിയുടെ നിലനിൽപ്പിനുവേണ്ടിയുള്ള സമരം മാത്രമല്ലെന്നും ദീപ്കെ വ്യക്തമാക്കി.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വിവിധ പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും പ്രതിഷേധം തുടരുകയാണ്. ഒക്ടോബർ 10-ന് ജന്തർ മന്തറിൽ സിജെപിയും വിദ്യാർഥി സംഘടനകളും സംയുക്ത പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ, പരിപാടിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ നടപടിയായ എസ്‌ഐആറുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ തർക്കം രൂക്ഷമായിരിക്കുന്നത്. അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെടുന്നുവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. അതേസമയം, തിരഞ്ഞെടുപ്പ് നടപടികളിൽ ക്രമക്കേടുണ്ടെന്ന ആരോപണങ്ങൾ കേന്ദ്ര സർക്കാരും ബിജെപിയും തള്ളിയിട്ടുണ്ട്. വോട്ടർ പട്ടികയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതിയും വിശദീകരണം തേടിയിട്ടുണ്ട്.
Post a Comment