ജന്തർ മന്തർ 2.0-ന് ഒരുങ്ങി സിജെപി; ഡൽഹിയിൽ പ്രതിഷേധം തടയാൻ പൊലീസിന്റെ നീക്കം
ബംഗളൂരുവിലെ പ്രതിഷേധത്തിന് പിന്നാലെ ഡൽഹിയിൽ രണ്ടാംഘട്ട സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). നാളെ ജന്തർ മന്തറിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ‘ജന്തർ മന്തർ 2.0’ പ്രതിഷേധത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി, പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനയായ എസ്‌ഐആർ റദ്ദാക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്.
പ്രതിഷേധത്തിന് പിന്തുണയുമായി എത്തുന്നവരെ തടയാൻ ഡൽഹി പൊലീസ് വിവിധ ഇടങ്ങളിൽ പരിശോധനയും യോഗങ്ങളും നടത്തുന്നതായാണ് റിപ്പോർട്ടുകൾ. റസിഡന്റ്സ് അസോസിയേഷനുകൾ, കോളജുകൾ, പേയിങ് ഗസ്റ്റ് താമസകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് എത്തി പരിശോധന നടത്തുന്നുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവരെ നിരീക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് വിവരം.
ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാർക്ക് കൂട്ടത്തോടെ ഭക്ഷണം എത്തിക്കരുതെന്ന് വ്യാപാരികൾക്കും നിർദേശം നൽകിയതായാണ് വിവരം.
ഇതിനിടെ, ഗുജറാത്ത് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സത്യേഷ് ലെഉവയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇവിടെ താമസിക്കുന്നവരുടെ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് സിജെപി നടത്തുന്ന പ്രതിഷേധം തടയാനുള്ള നീക്കമാണിതെന്ന് സമരാനുകൂലികൾ ആരോപിക്കുമ്പോൾ, ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് അധികൃതരുടെ നിലപാട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്‌ഐആർ നടപടിക്കെതിരെയും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനിടെ ഡൽഹിയിലെ സാഹചര്യം കൂടുതൽ സംഘർഷഭരിതമാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
Post a Comment