Join News @ Iritty Whats App Group

ദശലക്ഷങ്ങളുടെ വോട്ടവകാശം വെട്ടുന്നത് ന്യായീകരിക്കാനാകില്ല, വോട്ടവകാശം റദ്ദാക്കുന്നത് ഭരണഘടനാ ലംഘനം; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ജ‍ഡ്ജി

ദശലക്ഷങ്ങളുടെ വോട്ടവകാശം വെട്ടുന്നത് ന്യായീകരിക്കാനാകില്ല, വോട്ടവകാശം റദ്ദാക്കുന്നത് ഭരണഘടനാ ലംഘനം; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ജ‍ഡ്ജി


ദില്ലി: ദശലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന ഒരു നടപടിയും ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജല്‍ ഭുയാൻ.

വോട്ടവകാശം വെറും നിയമപരമായ അവകാശമല്ല, ഭരണഘടനയുടെ 326 -ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ഭരണഘടനാപരമായ അവകാശമാണെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിന് പേരെ വോട്ടവകാശത്തില്‍ നിന്ന് ഒഴിവാക്കുന്നത് അവരെ സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരാക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഭുയാൻ അഭിപ്രായപ്പെട്ടു. വോട്ടർപട്ടികയില്‍ നിന്ന് ഒരാളുടെ പേര് നീക്കം ചെയ്യുന്നതിന് മുമ്പ് നോട്ടീസും കേള്‍ക്കാനുള്ള അവസരവും നല്‍കണം. ഭരണപരമായ നടപടികളുടെ പേരില്‍ പോലും പൗരന്മാരുടെ വോട്ടവകാശം യുക്തിരഹിതമായി നിഷേധിക്കാനാകില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി. ഭരണഘടനയ്ക്ക് മുകളില്‍ ആർക്കും അധികാരമില്ലെന്നും ജഡ്ജി വിവരിച്ചു. ഹൈദരാബാദിലെ നല്‍സാർ (NALSAR) യൂണിവേഴ്സിറ്റിയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഭുയാൻ. വോട്ടർപട്ടികയില്‍ നിന്ന് കൂട്ടമായി പേരുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെയിലെ സുപ്രീം കോടതി ജഡ്ജിയുടെ പരാമർശം ഏറെ ചർച്ചയാകുകയാണ്.

ഗ്യാനേഷിന്‍റെ രാജിക്കായി പ്രക്ഷോഭം

അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധച്ചൂടില്‍ തിളച്ചുമറിയുകയാണ് രാജ്യതലസ്ഥാനം. തുടർച്ചയായി മൂന്നാം ദിവസവും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം അലയടിച്ചു. ഇന്ത്യാ ഗേറ്റിലേക്ക് ആം ആദ്മി പാർട്ടിയും ജന്തർ മന്തറിലേക്ക് ഐസയുടെ നേതൃത്വത്തില്‍ വിദ്യാർഥി സംഘടനകളും നടത്തിയ പ്രതിഷേധ മാർച്ചിലും വലിയ സംഘർഷമുണ്ടായി. ബലം പ്രയോഗിച്ച്‌ കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹാ ബോറ അടക്കമുള്ളവരെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് വിട്ടയച്ചു. ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മറ്റന്നാള്‍ മാർച്ച്‌ ചെയ്യാനിരിക്കെയാണ് ദില്ലിയില്‍ രണ്ടാം ജന്തർ മന്തർ സമരത്തിനുള്ള വലിയ തയ്യാറെടുപ്പ് കാണുന്നത്. ഇന്ന് ഇന്ത്യാ ഗേറ്റില്‍ നിന്ന് മൂന്ന് മണിക്ക് സി പി ഐ എം എല്ലിന്‍റെ വിദ്യാർഥി സംഘടനയായ ഐസയുടെ നേതൃത്വത്തില്‍ സിറ്റിസണ്‍സ് ലോങ് മാർച്ച്‌ പ്രഖ്യാപിച്ചിരുന്നു. ദില്ലി പൊലീസ് എ സി പി വിവേക് ഭഗത് ഇന്നലത്തെ പ്രതിഷേധത്തിനിടെ ഒരു യൂടൂബറെ ലൈംഗികമായി ഉപദ്രവിക്കുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നത്തെ മാർച്ചിന് ഐസ ആഹ്വാനം നല്‍കിയത്. എന്നാല്‍ ഇന്ത്യാ ഗേറ്റിലേക്ക് ആദ്യം അപ്രതീക്ഷിതമായി എത്തിയത് ആം ആദ്മി പാർട്ടി പ്രവർത്തകരായിരുന്നു. ദില്ലി അധ്യക്ഷനും എം എല്‍ എയുമായ സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തെ ചെറുത്തു. ഏറെ പണിപ്പെട്ടാണ് സൗരഭ് ഭരദ്വാജിനെയും അണികളെയും ഇന്ത്യാ ഗേറ്റ് പരിസരത്തുനിന്ന് 4 ബസുകളിലായി പൊലീസ് നീക്കിയത്. പിന്നാലെ ഐസ, എ ഐ എസ് എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും പൗരവകാശ സംഘടനകളും ജന്തർ മന്തർ ഭാഗത്തേക്ക് നീങ്ങി. അശോക റോഡില്‍ പൊലീസ് ഇവരെ തടഞ്ഞു. ബാരിക്കേഡിന് മുകളില്‍ ഇരുന്ന നേഹാ ബോറയെ പൊലീസ് ആദ്യ തള്ളിനീക്കാൻ നോക്കി. പിന്നീട് അറസ്റ്റ് ചെയ്ത് ഒരു വാഹനത്തില്‍ കയറ്റിയതോടെ സംഘർഷം കടുത്തു. പ്രവർത്തകർ വാഹനം തടഞ്ഞത് വലിയ ബഹളത്തിന് ഇടയാക്കി. പൊലീസ് കസ്റ്റഡിയിലെടുത്ത് ബസില്‍ കയറ്റിയ പ്രവർത്തകർ ബസിന്റെ ചില്ലുകള്‍ അടിച്ചു തകർത്ത് ആ വഴി രക്ഷപെടുകയും ചെയ്തു. നേഹയെ പൊലീസ് നമ്പർ പ്ലെയിറ്റും വനിതാ പൊലീസും ഇല്ലാത്ത വാഹനത്തില്‍ തട്ടിക്കൊണ്ട് പൊയതാണെന്ന് ആരോപിച്ച്‌ ഐസ പരാതിയും നല്‍കി. പ്രതിഷേധം കടുത്തതോടെ നേഹയെ പൊലീസ് വിട്ടയച്ചു. ഇന്നും പോലീസ് വനിതാ പ്രവർത്തകരെ അടക്കം ക്രൂരമായി കൈകാര്യം ചെയ്തെന്ന പരാതിയുണ്ട്. രാത്രി ജന്തർ മന്തറിലേക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധമാർച്ചും നടത്തി. അതും പോലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. എ സി പി വിവേക് ഭഗത്തിന് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൗരവ് ദാസും വൃന്ദാ കാരാട്ടും അടക്കമുള്ളവർ സ്റ്റേഷനില്‍ എത്തി ഏറെ നേരം കുത്തിയിരുന്നെങ്കിലും ഉപദ്രവിക്കുന്നതിന്റെ ദൃശങ്ങള്‍ കൊണ്ടുവരാനാണ് പൊലീസ് നിർദ്ദേശിച്ചത്. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശങ്ങള്‍ എ ഐ നിർമ്മിതമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് വാർത്താക്കുറിപ്പും ഇറക്കി. ജന്തർമന്തർ ആകെ അടച്ച്‌ കോട്ട തീർക്കുമ്പോഴും തലസ്ഥാനത്ത് ഓരോ ദിവസവും പ്രതിഷേധം ശക്തിയാർജ്ജിക്കുന്നതാണ് കാണുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group