Join News @ Iritty Whats App Group

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാൻ ഇന്ത്യാ സഖ്യം; രാഷ്ട്രപതിയെ വീണ്ടും കാണും

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാൻ ഇന്ത്യാ സഖ്യം; രാഷ്ട്രപതിയെ വീണ്ടും കാണും


ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട തെളിവുകൾ സമർപ്പിക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ വീണ്ടും കാണാൻ പ്രതിപക്ഷ നേതാക്കൾ തീരുമാനിച്ചു. അടുത്ത ദിവസങ്ങളിൽ കൂടിക്കാഴ്ചയ്ക്ക് സമയം തേടും. പ്രതിഷേധം ഡൽഹിയിൽ മാത്രം ഒതുക്കാതെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സഖ്യത്തിന്റെ നീക്കം.

ഇന്ത്യാ സഖ്യത്തിലെ പ്രധാന കക്ഷികൾ അതത് സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രത്യേകമായി പ്രതിഷേധം സംഘടിപ്പിക്കാനും ആലോചനയുണ്ട്. നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന മഹാറാലിക്ക് ശേഷം പ്രതിഷേധ പരിപാടികൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യത്തിൽ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു.

ഒക്ടോബർ ഒൻപതിന് രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തെളിവുകൾ ഹാജരാക്കാൻ ഇന്ത്യാ സഖ്യ പ്രതിനിധി സംഘത്തോട് രാഷ്ട്രപതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കൂടിക്കാഴ്ചയ്ക്ക് സമയം തേടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ റദ്ദാക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുക, പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഒക്ടോബർ ഒൻപതിന് പ്രതിപക്ഷം രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. തുടർന്ന് പ്രതിനിധി സംഘം രാഷ്ട്രപതിക്ക് നിവേദനവും സമർപ്പിച്ചിരുന്നു.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന ജനകീയ കുറ്റവിചാരണ ഇന്ന് നടക്കും. വൈകിട്ട് 3.30ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറിന്റെ അധ്യക്ഷതയിലാണ് പരിപാടി. ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന കുറ്റവിചാരണ മോശം കാലാവസ്ഥയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്.

Post a Comment

أحدث أقدم
Join Our Whats App Group