ചുഴലിക്കാറ്റിൽ ആറളം കാരാപറമ്പ് മേഖലയിൽ വ്യാപക നാശനഷ്ടം;മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് കേടുപാട്; മലയോര ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു
ഇരിട്ടി: ആറളം പഞ്ചായത്തിലെ കാരാപ്പറമ്പ്, ആറളം ഫാം മേഖലയിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും കൃഷിയിടങ്ങൾക്കും കേടുപാടുണ്ടായി. മലയോര ഹൈവേയിൽ ആവില ധ്യാനകേന്ദ്രത്തിന് സമീപം തേക്ക് മരം റോഡിനു കുറുകെ വീണ് എടൂർ–ആറളം റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ആറളം ഫാമിൽ 7, 11 ബ്ലോക്കുകളിലായി മരങ്ങൾ പൊട്ടിവീണ് പത്തോളം വൈദ്യുതി പോസ്റ്റുകൾ തകർന്നു. മേഖലയിൽ വൈദ്യുതി ബന്ധം താറുമാറായി. കാരാപ്പറമ്പിൽ മുറ്റത്തുനിന്ന കൂറ്റൻ മാവ് കടപുഴകി വീണ് വട്ടമറ്റത്തിൽ മാത്യുവിന്റെ കാർപോർച്ച് പൂർണമായും തകർന്നു. വീടിന് കേടുപാടുണ്ടായി. അപകടസമയത്ത് കാർപോർച്ചിൽ വാഹനം ഇല്ലാതിരുന്നതിനാൽ വലിയ നാശനഷ്ടം ഒഴിവായി. കല്ലമ്മാരിൽ ട്രീസയുടെ വീടിനു മുകളിലേക്കും മരം പൊട്ടിവീണു. മടത്തിക്കുഴിഞ്ഞൂർ മാത്യുവിന്റെ വീടിനും മരം വീണ് കേടുപാടുണ്ടായി.
ദിലീപ് ഏലാട്ടിലിന്റെ വീടിന്റെ മേൽക്കൂരയിലെ ആസ്‌ബറ്റോസ് ഷീറ്റുകൾ കാറ്റിൽ തകർന്നു. സമീപത്ത് പ്രവർത്തിക്കുന്ന മലബാർ കാർഷിക നഴ്സറിയുടെ മേൽക്കൂര പൂർണമായും തകർന്നു. നഴ്സറിയിൽ സൂക്ഷിച്ചിരുന്ന വളം ഉൾപ്പെടെയുള്ളവ മഴയിൽ നനഞ്ഞും നശിച്ചു.
മേഖലയിലെ നിരവധി വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടമുണ്ടായി. നിരവധി റബർ മരങ്ങളും കടപുഴകി. മരങ്ങൾ വൈദ്യുതി ലൈനുകളിൽ വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. മൈത്രീ ഭവനു സമീപവും മരങ്ങൾ കടപുഴകി വീണു. കാറ്റിൽ വാതിൽ ശക്തമായി അടഞ്ഞതിനെ തുടർന്ന് മൈത്രീ ഭവനിലെ ജീവനക്കാരിയുടെ കൈക്ക് പരിക്കേറ്റു.
ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, സ്ഥിരംസമിതി അധ്യക്ഷൻ ജോർജ് ആലാംപള്ളി, പഞ്ചായത്ത് അംഗങ്ങളായ റോസമ്മ മാത്യു, സെലീന ടീച്ചർ എന്നിവർ ഫയർഫോഴ്സിനും നാട്ടുകാർക്കും സന്നദ്ധപ്രവർത്തകർക്കുമൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. റവന്യൂ അധികൃതരും സ്ഥലം സന്ദർശിച്ചു.
إرسال تعليق