പ്രിയദർശിനിക്ക് പിന്നാലെ വിദ്യാർഥികൾക്കായി ‘വിജ്ഞാന ദർശിനി’; കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ആരംഭിച്ചു
സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദത്തോടൊപ്പം വിജ്ഞാനവും പകരുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി പുതിയ യാത്രാ പാക്കേജായ ‘വിജ്ഞാന ദർശിനി’ ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർഥികൾക്ക് പ്രായോഗിക അറിവ് നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.
പദ്ധതി ഉടൻ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം വ്യവസായശാലകളിലേക്കുള്ള പഠനയാത്രകളും ഒരുക്കും. പൊന്മുടി യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ഒരു ബസിൽ 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. പ്രകൃതി, ശാസ്ത്രം, ചരിത്രം എന്നിവ അടുത്തറിയാനും പാഠപുസ്തകങ്ങളിലെ അറിവുകൾ പ്രായോഗിക അനുഭവങ്ങളിലൂടെ മനസ്സിലാക്കാനും വിദ്യാർഥികൾക്ക് അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Post a Comment