തുലാം പത്തിന് ദിവസങ്ങള്‍ മാത്രം; ഇനി തെയ്യാട്ടക്കാലം
തുലാം പത്തിന് ദിവസങ്ങള്‍ മാത്രംബാക്കിനില്‍ക്കെ വടക്കേ മലബാറില്‍ ഇനി തെയ്യാട്ടക്കാലം. കാവുകളിലും ക്ഷേത്രങ്ങളിലും തറവാട്ട് മുറ്റങ്ങളിലും തോറ്റംപാട്ടുകളും ആസുരവാദ്യവും ചിലമ്പൊലിയും മുഴങ്ങും.
അനുഷ്‌ഠാനകലകള്‍ക്കൊപ്പം സാംസ്‌കാരിക തനിമകളും വിളി ച്ചോതുന്ന ഏഴ് മാസത്തെ കളിയാട്ടക്കാലം തുലാംപത്തിലുടെ തുടക്കം കുറിക്കും. വിശ്വാസവും പാരമ്പര്യവും അനുഷ്‌ഠാനകലയും ഒത്തുചേരുന്ന കളിയാട്ടനാളുകളെ വരവേല്‍ക്കാന്‍ കാവുകളും ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു.തെയ്യക്കോലങ്ങളുടെ വര്‍ണവിസ്‌മയവും തോറ്റംപാട്ടിന്റെ ഈണവും ചെണ്ടമേളത്തിന്റെ താളവും നിറയുന്ന ദിനങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് വടക്കന്‍ മലബാര്‍. തുലാം പത്തിന് കളിയാട്ടം ആരംഭിക്കുന്ന കാവുകളില്‍ ആചാരാനുഷ്‌ഠാനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
തെയ്യം കാണാനും തൊഴുത് അനുഗ്രഹം തേടാനുമായി നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഭക്‌തജനങ്ങള്‍ എത്തുന്നതോടെ കാവുകള്‍ ഉത്സവാന്തരീക്ഷത്തിലേക്ക് മാറും. തലമുറകളിലൂടെ കൈമാറിവന്ന ഐതിഹ്യങ്ങളും വീരകഥകളും ദേവസങ്കല്‍പ്പങ്ങളും തെയ്യക്കോലങ്ങളിലൂടെ അരങ്ങിലെത്തുന്ന വേള കൂടിയാണിത്. ഓരോ കാവിനും അതിന്റേതായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളുമുണ്ട്. കാവുകളിലെ തെയ്യങ്ങള്‍ നാടിന്റെ വിശ്വാസത്തിന്റെ ഭാഗം മാത്രമല്ല, വടക്കന്‍ മലബാറിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളം കൂടിയാണ്. കളിയാട്ടം നാട്ടുകാര്‍ക്ക് ആഘോഷം മാത്രമല്ല, കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന അവസരം കൂടിയാണ്. പ്രവാസികളും ദൂരദേശങ്ങളില്‍ താമസിക്കുന്നവരും നാട്ടിലെത്തുന്നതോടെ പല പ്രദേശങ്ങളിലും ഉത്സവനാളുകള്‍ക്ക് കുടുംബസംഗമത്തിന്റെ നിറവും കൈവരും.
തുലാം പത്തിന് തുടക്കമാകുന്ന കളിയാട്ടക്കാലം വരും ദിവസങ്ങളില്‍ വടക്കന്‍ മലബാറിന്റെ ഗ്രാമീണ ജീവിതത്തിന് ഉത്സവച്ചാര്‍ത്ത് പകരും. കാവുകളില്‍ തെയ്യക്കോലങ്ങള്‍ അണിയാനൊരുങ്ങുമ്പോള്‍ നാടും കാത്തിരിപ്പിലാണ് ചിലമ്പൊലി ഉയരുന്ന, കനലുകള്‍ ജ്വലിക്കുന്ന, വിശ്വാസവും പാരമ്പര്യവും ഒന്നാകുന്ന ആ അപൂര്‍വ നി-മിഷങ്ങള്‍ക്കായി.
إرسال تعليق