Join News @ Iritty Whats App Group

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം തുടരും; നേതാക്കളുടെ തുടർനീക്കം നിർണായകം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം തുടരും; നേതാക്കളുടെ തുടർനീക്കം നിർണായകം



മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിഷേധങ്ങൾ തുടർന്നേക്കും. ഇടത് വിദ്യാർഥി-യുവജന സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് സൂചന. കർശന ഉപാധികളോടെ ജാമ്യം ലഭിച്ച സിജെപി നേതാക്കൾ വരും ദിവസങ്ങളിൽ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച തിരംഗ മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയും ഇതിനകം വിവാദമായിട്ടുണ്ട്.

തിരംഗ മാർച്ചിൽ പങ്കെടുക്കാൻ വസതിയിൽനിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് സിജെപി നേതാവ് അഭിജിത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കൂടുതൽ കസ്റ്റഡിയിൽ വിടാതെ ഉപാധികളോടെ ജാമ്യം അനുവദിച്ച കോടതി, ഒരു വർഷത്തേക്ക് സമാധാനം നിലനിർത്തണമെന്ന് ദീപ്കെയോട് നിർദേശിച്ചു.

തിരംഗ മാർച്ചിൽ പങ്കെടുക്കാൻ ഐസ വിദ്യാർഥി സംഘടനയ്ക്ക് നേതൃത്വം നൽകിയ നേഹ ബോറയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ പുലർച്ചെയാണ് ഇവരെ വിട്ടയച്ചത്. അതേസമയം, ഡൽഹിയിൽ പ്രതിഷേധങ്ങൾക്കിടെ വനിതകൾക്കെതിരെ അതിക്രമമുണ്ടായെന്ന ആരോപണത്തിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തേക്ക് മാർച്ചും സംഘടിപ്പിച്ചു. പ്രതിഷേധക്കാരോടുള്ള പൊലീസ് നടപടിയും വനിതകൾക്കെതിരായ അതിക്രമം സംബന്ധിച്ച ആരോപണങ്ങളും പ്രതിഷേധം കൂടുതൽ ശക്തമാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സിജെപി സഹ കൺവീനർമാരായ അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നാണ് സംഘടനയുടെ ആരോപണം. ഇരുവരെയും ഇന്ന് വിട്ടയച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ സംഘടനകൾ രംഗത്തെത്തിയതോടെ ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ സംഘർഷഭരിതമാകുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group