Join News @ Iritty Whats App Group

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം; മരണം 19 ആയി, ഒരാളുടെ നില ​ഗുരുതരം, 25പേർക്ക് പരിക്ക്

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം; മരണം 19 ആയി, ഒരാളുടെ നില ​ഗുരുതരം, 25പേർക്ക് പരിക്ക്


കൊൽക്കത്ത:കൊൽക്കത്തയിൽ ദുർഗ്ഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. നിലവിലെ കണക്ക് പ്രകാരം 19 പേർ മരിച്ചതായാണ് വിവരം. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റ് 25 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.

ഇന്നലെ വൈകിട്ട് 7.40 ഓടെ വടക്കൻ കൊൽക്കത്ത ശാരദ പാർക്കിലെ ചോർ ഭാഗനിലായിരുന്നു സംഭവം. മഴ പെയ്തതോടെ പൂജനടക്കുന്ന ഇടുങ്ങിയ സ്ഥലത്തേക്ക് ആളുകൾ തിക്കി തിരക്കി കയറിയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഈ ഭാഗത്ത് വെളിച്ചക്കുറവുണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു. പൊലീസും അഗ്നി രക്ഷാ സേനയും ദുരന്തനിവാരണ സേന എത്തിയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. പരിക്കേറ്റവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

മുഖ്യമന്ത്രി സുവേന്ദു അധികാരി, ചീഫ് സെക്രട്ടറി മനോജ് അഗർവാൾ എന്നിവർ ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. പോസ്റ്റ് മോർട്ടം വേഗത്തിലാക്കാൻ ഉള്ള നടപടികൾ സർക്കാർ സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം സഹായ ധനം പശ്ചിമബംഗാൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ചികിത്സയും അഞ്ചു ലക്ഷം സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടക്കാലാശ്വാസമായി മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും അനുവദിച്ചു.

സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ബംഗാളിലുള്ള അമിത് ഷായോട് രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നിർദ്ദേശിച്ചു. അമിത് ഷാ ബംഗാളിലെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിക്കാൻ കൊൽക്കത്ത ഹൈക്കോടതിയോടാവശ്യപ്പെടുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചു. സംഭവത്തിൽ മുൻമുഖ്യമന്ത്രി മമത ബാനർജി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗേ, രാഹുൽ ഗാന്ധി എന്നിവർ നടുക്കം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ നേതാക്കൾ അണികൾക്ക് നിർദ്ദേശവും നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group