8 മണിക്കൂർ നീണ്ട കസ്റ്റഡി, ഒടുവിൽ പിണറായിയെ ദില്ലി പൊലീസ് വിട്ടയച്ചു; പൊലീസിന്‍റേത് വിചിത്ര നടപടികളെന്ന് വിമർശനം; 'ഗ്യാനേഷിൻ്റെ രാജി വരെ പ്രക്ഷോഭം'
ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ദില്ലി പൊലീസ് വിട്ടയച്ചു. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പിണറായിയെ വിട്ടയച്ചത്. രാവിലെ പത്തരക്കാണ് പിണറായിയെ കസ്റ്റഡിയിലെടുത്തതാണ്. എട്ട് മണിക്കൂറിന് ശേഷമാണ് പൊലീസ് വിട്ടയച്ചത്. പത്തരക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് ദില്ലി പൊലീസ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ദില്ലി പൊലീസ് നടപടിക്കെതിരെ പുറത്തിറങ്ങിയ പിണറായി രൂക്ഷ വിമർശനം അഴിച്ചുവിട്ടു. മൂന്നര മണിക്കൂറോളം തന്നെ വാഹനത്തിൽ കറക്കിയ ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് പിണറായി ചൂണ്ടിക്കാട്ടി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. വിചിത്ര നടപടികളാണ് പൊലീസ് സ്വീകരിച്ചത്. ഇത്തരത്തിൽ ചെയ്താൽ പ്രതിഷേധം തണുപ്പിക്കാമെന്ന് പൊലീസ് കരുതണ്ട. ഗ്യാനേഷ് രാജിവയ്ക്കും വരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും പിണറായി അഭിപ്രായപ്പെട്ടു.
പിണറായിയെ വട്ടംകറക്കിയത് മൂന്നര മണിക്കൂർ
അതേസമയം പിണറായിയെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന് കൂടെയുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എം പിയടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. രാവിലെ പത്തര മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ പ്രതിഷേധിച്ചെങ്കിലും ദില്ലി പൊലീസ് അവഗണന തുടരുകയായിരുന്നു. പിണറായിയുടെ ഭക്ഷണവും മരുന്നുമടക്കം മുടങ്ങിയെന്ന് ഒപ്പമുള്ള നേതാക്കൾ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രായമായ ഒരു നേതാവിനോട് തികച്ചും മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
നേരത്തെ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ അടക്കമുള്ള നേതാക്കളെയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. സി പി എം പിബി അംഗം വിജു കൃഷ്ണൻ, സി ഐ ടി യു നേതാക്കൾ, എസ് എഫ് ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു.
Post a Comment