ദസറ കാഴ്ചകള്‍ കാണാൻ കണ്ണൂരില്‍ ഡബിള്‍ ഡെക്കര്‍ ബസ്; 40 മിനിറ്റ് നഗരം ചുറ്റാൻ ടിക്കറ്റ് നിരക്ക് 100 രൂപ
കണ്ണൂർ നഗരത്തിലെ ദസറ കാഴ്ചകള്‍ കാണാൻ ഡബിള്‍ ഡെക്കർ ബസുമായി കെഎസ്‌ആർടിസി. പത്തു ദിവസക്കാലം നഗരത്തിലെ ദസറ ദീപാലങ്കാരങ്ങള്‍ ഡബിള്‍ ഡെക്കർ ബസില്‍ കയറി ഇരുന്ന് കാണാവുന്നതാണ്.
കണ്ണൂർ നഗരത്തില്‍ ആദ്യമായാണ് ഒരു ഡബിള്‍ ഡെക്കർ ബസ് സർവീസ് നടത്താനെത്തുന്നത്. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ റിജില്‍ മാക്കുറ്റി, ലിഷ ദീപക് എന്നിവർ ബസിലെ ആദ്യ യാത്ര നടത്തി.
നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് പ്രധാന സ്ഥാപനങ്ങളിലെയും ദീപാലങ്കാരങ്ങള്‍ വ്യക്തമായി കാണുന്നതിനും, എല്ലാവർക്കും നഗരത്തിൻ്റെ വിവിധ ഭാഗങ്ങള്‍ ചുറ്റിക്കറങ്ങുന്നതിനുമായാണ് കോർപറേഷൻ്റെ നേതൃത്വത്തില്‍ കെഎസ്‌ആർടിസി ഡബിള്‍ ഡെക്കർ ബസ് ഒരുക്കിയിട്ടുള്ളത്.
റൂട്ടും സമയക്രമവും
കണ്ണൂർ ദസറ കാലത്ത് ഡബിള്‍ ഡെക്കറില്‍ നഗരം ചുറ്റാൻ 100 രൂപയാണ് ടിക്കറ്റ് ചാർജായി ഈടാക്കുന്നത്. 40 മിനിറ്റ് നീണ്ടുനില്‍ക്കുന്ന യാത്രയാണിത്. കണ്ണൂർ ടൗണ്‍ സ്ക്വയറില്‍ നിന്നും എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് സർവീസ് ആരംഭിക്കും.
ബസ് സഞ്ചരിക്കുന്ന പ്രധാന റൂട്ടുകള്‍:
● ടൗണ്‍ സ്ക്വയറില്‍ നിന്നും ആരംഭിച്ച് തളാപ്പ് സുന്ദരേശ്വര ക്ഷേത്രം വരെ പോകും.
● അവിടെ നിന്ന് തിരിച്ച് കാല്‍ടെക്സിലേക്ക് വരും.
● തുടർന്ന് താണ, മുനീശ്വരൻ കോവില്‍ ഭാഗങ്ങള്‍ സന്ദർശിച്ച് ടൗണ്‍ സ്ക്വയറില്‍ തന്നെ തിരിച്ചെത്തും.
തിരുവനന്തപുരത്ത് 300 രൂപ ടിക്കറ്റില്‍ നടത്തുന്ന വിനോദയാത്രാ സർവീസാണ് നിലവില്‍ കണ്ണൂരില്‍ 100 രൂപ ടിക്കറ്റില്‍ ലഭ്യമാക്കുന്നത്.
സ്ഥിരമാക്കാൻ സാധ്യത
കെഎസ്‌ആർടിസിക്ക് ഒരു വരുമാനം എന്ന നിലയിലും ഈ ബസ് ഏറെ പ്രയോജനപ്പെടുമെന്ന് മേയർ പ്രത്യാശ പ്രകടിപ്പിച്ചു. ടൂറിസം പ്രൊമോഷൻ്റെ ഭാഗമായി മുഴപ്പിലങ്ങാട്, പയ്യാമ്പലം തുടങ്ങി കണ്ണൂർ നഗരവും പരിസര പ്രദേശങ്ങളും ചുറ്റിക്കറങ്ങാൻ സ്ഥിരമായി ഒരു ഡബിള്‍ ഡെക്കർ ബസ് ജില്ലയില്‍ അനുവദിക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും, ദസറയിലൂടെ അതിന് മികച്ച തുടക്കമാവുമെന്നും മേയർ അഡ്വ. പി. ഇന്ദിര പറഞ്ഞു.
പത്തു ദിവസത്തെ ട്രയല്‍ റണ്ണിന് ശേഷം ഈ പദ്ധതി വിജയകരമാണെങ്കില്‍ സർവീസ് കണ്ണൂരില്‍ സ്ഥിരമാക്കുമെന്ന് കെഎസ്‌ആർടിസി അധികൃതർ വ്യക്തമാക്കി. നിലവില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ പ്രധാന നഗരങ്ങളില്‍ മാത്രമാണ് കെഎസ്‌ആർടിസി ഡബിള്‍ ഡെക്കർ സർവീസ് നടത്തുന്നത്.
ഈ യാത്രാ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
إرسال تعليق