Join News @ Iritty Whats App Group

'രാഹുലിൻ്റെ വോട്ട് ചോരി വെറും ഷോ മാത്രം, 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ എത്തില്ല'; ആഞ്ഞടിച്ച് അമിത് ഷാ

'രാഹുലിൻ്റെ വോട്ട് ചോരി വെറും ഷോ മാത്രം, 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ എത്തില്ല'; ആഞ്ഞടിച്ച് അമിത് ഷാ


ദില്ലി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി വെറും ഷോ മാത്രമാണെന്നും നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് രാഹുൽ വോട്ട് ചോരി ഉന്നയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെയും തമിഴ്നാട്ടിലെയുമൊന്നും തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ഒരു കുഴപ്പവുമില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ എത്തില്ലെന്നും അമിത് ഷാ തുറന്നടിച്ചു. ഇപ്പോഴത്തെ പ്രതിഷേധങ്ങൾകൊണ്ട് ഒരു ചുക്കും സംഭവിക്കില്ലെന്നും പഞ്ചാബിലും ബിജെപി ഭരിക്കാൻ പോകുകയാണെന്നും അമിത് ഷാ പറഞ്ഞു. ദില്ലിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"വോട്ട് മോഷണ ആരോപണങ്ങൾ ഉന്നയിച്ച് നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൾ സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. പല സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി കോൺഗ്രസിന് ജയിക്കാനായിട്ടില്ല. പ്രധാനമന്ത്രി മോദി അധികാരത്തിൽ വരുന്നതിന് വളരെ മുമ്പ് തന്നെ ഈ അവസ്ഥ തുടങ്ങിയിട്ടുണ്ട്"- അമിത് ഷാ പറഞ്ഞു.

കോൺഗ്രസ് കളിക്കുന്നത് നെഗറ്റീവ് രാഷ്ട്രീയമാണെന്നും അതുകൊണ്ട് 2030 വരെ തെരഞ്ഞെടുപ്പിലും ജയിക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. "നിങ്ങൾ കൊണ്ടുനടക്കുന്ന ഈ നെഗറ്റീവ് രാഷ്ട്രീയം കാരണം 2030 വരെ നിങ്ങൾക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാനാകില്ല. ജയിക്കുമ്പോൾ നിങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നല്ലതാണ്, എന്നാൽ തോൽക്കുമ്പോൾ കമ്മീഷന് കുഴപ്പമായി. എന്റെ വാക്കുകൾ കേൾക്കുന്നുണ്ടെങ്കിൽ ഒന്നോർക്കുക, അടുത്ത 30 വർഷത്തേക്ക് നിങ്ങളുടെ ഊഴം വരില്ല".

ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെയും അമിത് ഷാ രംഗത്തെത്തി. പഞ്ചാബിൽ നിന്ന് എഎപി സർക്കാരിനെ വേരോടെ പിഴുതെറിഞ്ഞ് ജനങ്ങൾ തക്കതായ മറുപടി നൽകുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും മാത്രമാണ് നിങ്ങൾ രാഷ്ട്രീയം നടത്തിയത്. ദില്ലിയിലെ വലിയ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യാൻ ഒന്നും ചെയ്തില്ലെന്നും അമിത് ഷാ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group