1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാര്‍ക്കും പരിശീലനം; ഇറാനില്‍ കടുത്ത സൈനിക നീക്കമെന്ന് സൂചന
വാഷിങ്ടണ്‍: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പതിറ്റാണ്ടുകള്‍ക്ക് ശേഷം യുദ്ധത്തില്‍ കൊല്ലപ്പെടുന്ന സൈനികരെ കൂട്ടത്തോടെ സംസ്കരിക്കുന്നതിനുള്ള പ്രത്യേക പരിശീലനവുമായി യു.എസ് സൈന്യം.
1950-53 കാലഘട്ടത്തിലെ കൊറിയൻ യുദ്ധത്തിന് ശേഷം ആദ്യമായാണ് യു.എസ് സൈന്യം ഇത്രയും വലിയ തോതില്‍ താത്കാലിക കൂട്ടക്കുഴിമാടങ്ങള്‍ നിർമ്മിക്കാനുള്ള പരിശീലനം നടത്തുന്നത്. നോർത്ത് കരോളിനയില്‍ നടന്ന പരിശീലനത്തില്‍ ആയുധങ്ങളും ബുള്‍ഡോസറുകളും ഉപയോഗിച്ച് യുദ്ധക്കളത്തില്‍ അതിവേഗം കുഴികള്‍ നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് സൈനികർ പരിശീലിച്ചതായാണ് റിപ്പോർട്ടുകള്‍. ഭാവിയില്‍ വലിയതോതില്‍ സൈനികർ കൊല്ലപ്പെടാനിടയുള്ള യുദ്ധസാഹചര്യം മുന്നില്‍ക്കണ്ടാണ് നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
നവംബർ മൂന്നിന്റെ യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം ഇറാനെതിരേ പുതിയ സൈനികനടപടിക്കിറങ്ങുമെന്ന് യു.എസ് സൂചിപ്പിച്ച സാഹചര്യത്തിലാണ് യു.എസ് സൈന്യത്തിന്‍റെ നീക്കം. മുൻകാലങ്ങളില്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും സൈനികർ കൊല്ലപ്പെടുമ്പോള്‍ മൃതദേഹങ്ങള്‍ ഉടൻ തന്നെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന രീതിയായിരുന്നു യുഎസ് ആർമി സ്വീകരിച്ചിരുന്നത്. എന്നാല്‍ യുദ്ധം രൂക്ഷമായാല്‍ ഏറ്റുമുട്ടലുകളില്‍ വലിയ അളവില്‍ ജീവനപായം സംഭവിച്ചാല്‍ ഇത് പ്രായോഗികമല്ലെന്ന് കണ്ടാണ് താത്കാലിക കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി യു.എസ് സൈനിക പുരോഹിതന്മാർക്കും ആത്മീയ മേഖലയിലുള്ള ജീവനക്കാർക്കും ഇത്തരം താത്കാലിക കൂട്ടക്കുഴിമാടങ്ങളില്‍ നടത്തേണ്ട മതപരമായ ചടങ്ങുകളെക്കുറിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്.
തുടക്കത്തില്‍ 3 മണിക്കൂറില്‍ 10 മൃതദേഹങ്ങള്‍ മറവുചെയ്യാനുള്ള കുഴികളാണ് നിർമ്മിച്ചതെങ്കില്‍, ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഒരു മണിക്കൂറും 15 മിനിറ്റും കൊണ്ട് 20 മൃതദേഹങ്ങള്‍ വരെ കുഴിച്ചിടാനുള്ള സൌകര്യം ഒരുക്കാനും ദിനംപ്രതി 2,400 മൃതദേഹങ്ങള്‍ വരെ മറവുചെയ്യാനും കഴിയും വിധമാണ് പരിശീലനം നടത്തിയത്. ഭാവിയില്‍ ഉണ്ടാകാൻ സാധ്യതയുള്ള വലിയ പോരാട്ടങ്ങളെ അഭിമുഖീകരിക്കാനും മുൻകൂട്ടി തയ്യാറെടുപ്പുകള്‍ നടത്താനും വേണ്ടിയാണ് യു.എസ് പ്രതിരോധ വിഭാഗം ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
Post a Comment