നവംബര് 1 മുതല് വിളിക്കുന്നയാളുടെ പേരും ഫോണില് തെളിയും; പുതിയ സംവിധാനം 4ജി, 5ജി നെറ്റ്വര്ക്കുകളില്
മൊബൈല് ഫോണിലേക്ക് വരുന്ന കോളുകളില് വിളിക്കുന്നയാളുടെ പേരും പ്രദർശിപ്പിക്കുന്ന സംവിധാനം നവംബർ 1 മുതല് നടപ്പാക്കാൻ കേന്ദ്ര സർക്കാർ.
ഫോണ് നമ്പർ കോണ്ടാക്ട് ലിസ്റ്റില് സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളെ തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ടെലികോം സേവനദാതാക്കളുടെ രേഖകളിലുള്ള പേരായിരിക്കും ഇൻകമിങ് കോളിനൊപ്പം ഫോണില് തെളിയുക.
നിലവില് പരിചയമില്ലാത്ത നമ്പറുകളില്നിന്ന് കോളുകള് വരുമ്പോള് വിളിക്കുന്നയാളെ തിരിച്ചറിയാൻ പലപ്പോഴും സാധിക്കാറില്ല. പുതിയ സംവിധാനം നിലവില് വരുന്നതോടെ ഇത്തരം കോളുകള്ക്ക് പിന്നിലുള്ള വ്യക്തിയെ തിരിച്ചറിയുന്നത് കൂടുതല് എളുപ്പമാകുമെന്നാണ് പ്രതീക്ഷ. തട്ടിപ്പ് കോളുകളും അനാവശ്യ ഫോണ്വിളികളും തിരിച്ചറിയുന്നതിനും ഇത് സഹായകമായേക്കും.
നവംബർ 1 മുതല് 4ജി, 5ജി ഉള്പ്പെടെയുള്ള മൊബൈല് നെറ്റ്വർക്കുകളില് സംവിധാനം നടപ്പാക്കാനാണ് നിർദേശം. 2ജി, 3ജി നെറ്റ്വർക്കുകളിലും പരമ്പരാഗത ലാൻഡ്ലൈൻ ഫോണുകളിലും ഇത് പിന്നീട് നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകള്. വിദേശത്തുനിന്നുള്ള കോളുകള് 'ഇന്റർനാഷണല് കോള്' എന്ന സൂചനയോടെയായിരിക്കും പ്രദർശിപ്പിക്കുക.
എങ്ങനെ പ്രവർത്തിക്കും?
സിം കാർഡ് എടുക്കുമ്പോള് ഉപയോക്താക്കള് നല്കുന്ന വിവരങ്ങളും ടെലികോം സേവനദാതാക്കളുടെ രേഖകളിലുള്ള പേരും ഫോണ് നമ്പറുമായി ബന്ധിപ്പിച്ചായിരിക്കും സംവിധാനം പ്രവർത്തിക്കുക. ഒരു കോള് എത്തുമ്പോള് ഈ വിവരങ്ങളുടെ അടിസ്ഥാനത്തില് വിളിക്കുന്നയാളുടെ പേര് സ്വീകരിക്കുന്നയാളുടെ ഫോണില് പ്രദർശിപ്പിക്കും.
നമ്പർ ഫോണിലെ കോണ്ടാക്ട് ലിസ്റ്റില് സേവ് ചെയ്തിട്ടുണ്ടെങ്കില് ഉപയോക്താവ് നല്കിയ പേരായിരിക്കും സാധാരണയായി കാണിക്കുക. നമ്പർ സേവ് ചെയ്തിട്ടില്ലെങ്കില് ടെലികോം സേവനദാതാവിന്റെ രേഖകളിലുള്ള പേരായിരിക്കും പ്രദർശിപ്പിക്കുക.
യൂണിഫൈഡ് ലൈസൻസ് കരാറിലെ വ്യവസ്ഥകള് ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിർദേശം കൊണ്ടുവന്നിരിക്കുന്നത്. 2026 നവംബർ 1 മുതല് ഭേദഗതി പ്രാബല്യത്തില് വരുമെന്നാണ് റിപ്പോർട്ടുകള് വ്യക്തമാക്കുന്നത്.
പുതിയ സംവിധാനം നടപ്പാകുന്നതോടെ വിളിക്കുന്നയാളെ തിരിച്ചറിയാൻ സഹായിക്കുന്നതോടൊപ്പം മൊബൈല് ഫോണ് വഴിയുള്ള തട്ടിപ്പുകള് തടയുന്നതിനും കൂടുതല് സുരക്ഷ ഉറപ്പാക്കുന്നതിനും കഴിയുമെന്നാണ് പ്രതീക്ഷ.
Post a Comment