മാസപ്പടി കേസിൽ നിർണായകം; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അഭിഭാഷകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുന്നത്. ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം.
ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, വീണ വിജയൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ബാങ്ക് രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇഡി കൈമാറിയിട്ടും ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്തുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
വിജിലൻസ് ഡയറക്ടർക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതികളിൽ സമയബന്ധിതമായി നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവ് റദ്ദാക്കി അന്വേഷണം വിജിലൻസിന് കൈമാറണമെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശം നൽകണമെന്നും കെ.എം. ഷാജഹാൻ ആവശ്യപ്പെടുന്നു.
നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെക്കുറിച്ച് അന്വേഷണ ഏജൻസികളോട് വിശദീകരണം തേടിയിരുന്നു. ഇഡി നൽകിയ കത്തിന്റെ പൂർണ വിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറാമെന്ന് ഇഡി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
Post a Comment