'തോൽവി അണികൾ നൽകിയ ശിക്ഷ, അരിശം തീർക്കേണ്ടത് പാർട്ടി പ്രവർത്തകരോടും സമുദായ സംഘടനകളോടും അല്ല'; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിറാജിൽ ലേഖനം
കോഴിക്കോട്: കാന്തപുരം വിവാദത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത എപി സുന്നി വിഭാഗത്തിൻ്റെ മുഖപത്രമായ സിറാജിൽ ലേഖനം. തോൽവി ഇടതുപക്ഷത്തിന് അണികൾ നൽകിയ ശിക്ഷയാണെന്നും ഇതിൻ്റെ അരിശം പാർട്ടി പ്രവർത്തകരോടും സമുദായ സംഘടനകളോടും തീർക്കുന്നതിന് പകരം രോഗത്തിന് ചികിത്സിക്കുന്നതാണ് നല്ലതെന്നും ലേഖനത്തിൽ വിമർശനം. എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫിയുടേതാണ് ലേഖനം.
ബംഗാളിലെ അവസ്ഥ ആരും ആഗ്രഹിക്കുന്നില്ലെന്നും പത്തു വർഷത്തോളമായി സിപിഎം സ്വീകരിച്ചു പോരുന്നതിൽനിന്ന് വ്യത്യസ്തമായി അന്ധമായ വിമർശനമാണ് ഇപ്പോൾ നടത്തുന്നതെന്നും ലേഖനത്തിൽ പറയുന്നു. കാന്തപുരം വിവാദത്തിൽ വിശദീകരണം നൽകിയിട്ടും വിമർശനവുമായി മുന്നോട്ടുപോകുന്നത് അതിൻ്റെ അരിശം തീർക്കുന്നതാണെന്ന സംശയമുണ്ട്. ഇടതുപക്ഷം കേരളത്തിൽ അനിവാര്യമാണെന്ന് വിചാരിക്കുന്നവരാണ് സുന്നി പ്രസ്ഥാനം. യുഡിഎഫിൽ പോലും അങ്ങനെ ചിന്തിക്കുന്നവരുണ്ട്. ഇടതുപക്ഷം ഭരണമോശം കൊണ്ട് പരാജയപ്പെട്ടു എന്ന് അഭിപ്രായമില്ല. മറിച്ച് പാർട്ടിക്കുള്ളിലെ അമർഷമായിരുന്നു പ്രധാന കാരണമെന്ന് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യപ്പെട്ടുവെന്നും ലേഖനത്തിൽ അഭിപ്രായപ്പെട്ടു.
രണ്ടാം ഭരണത്തിൽ മുഖ്യമന്ത്രി മാറിയിരുന്നെങ്കിൽ ഇത്രത്തോളം പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉണ്ടാകുമായിരുന്നില്ലെന്നും ലേഖനത്തിലുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ രീതി പോലും പ്രകോപനം ഉണ്ടാക്കി. ഒരു വ്യക്തിയുടെ മാത്രം ഭീമൻ ബോർഡുകൾ വെച്ചു. ഒരു മുന്നണിയായി മത്സരിക്കുമ്പോൾ മുന്നണി നേതാക്കളുടെ ഫോട്ടോയെങ്കിലും വെക്കണമായിരുന്നു എന്ന സംസാരം ഉണ്ടായി. രാജയും പ്രജയും ചേർന്ന ഭരണം നല്ലതല്ലെന്ന് പ്രാദേശിക നേതാക്കൾ ഓർമിപ്പിച്ചുവെന്നും ലേഖനത്തിൽ പറഞ്ഞു.
إرسال تعليق