Join News @ Iritty Whats App Group

ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തി റാണി ലക്ഷ്മി, ഭർത്താവിന് ഓണസമ്മാനം നൽകിയത് ടോറസ് ലോറി; തട്ടിപ്പിൻ്റെ വ്യാപ്തി കൂടുന്നു

ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തി റാണി ലക്ഷ്മി, ഭർത്താവിന് ഓണസമ്മാനം നൽകിയത് ടോറസ് ലോറി; തട്ടിപ്പിൻ്റെ വ്യാപ്തി കൂടുന്നു


പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വിഇഒ) അറസ്റ്റിലായ സംഭവത്തിൽ തട്ടിപ്പിൻ്റെ വ്യാപ്തി കൂടുന്നു. തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മി ആണ് പിടിയിലായത്. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പുതിയ വിവരം. കോന്നി അരുവാപ്പുലം പഞ്ചായത്തിലും റാണി ലക്ഷ്മി തിരിമറി നടത്തിയതിന്റെ വിവരങ്ങൾ പൊലീസിന് കിട്ടി. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ നടന്നത് അരക്കോടിയിലധികം രൂപയുടെ തട്ടിപ്പാണ്. റാണി ലക്ഷ്മി ഭർത്താവിന് ഓണസമ്മാനം നൽകിയത് ടോറസ് ലോറി ആയിരുന്നു. തട്ടിപ്പ് പണം ഇതിനായി ഉയോഗിച്ചെന്ന് പൊലീസ് കണ്ടെത്തി.

തണ്ണിത്തോട് പഞ്ചായത്തിൽ നടന്ന ഫണ്ട് തട്ടിപ്പിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിലാണ് റാണി ലക്ഷ്മിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. എന്നാൽ റാണി ലക്ഷ്മി കൂടുതൽ പണം തട്ടിയത് സീതത്തോട് പഞ്ചായത്തിൽ നിന്നാണെന്നാണ് കണ്ടെത്തൽ. 51 ലക്ഷത്തിലധികം രൂപ തട്ടിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. റാണി ലക്ഷ്മി ആദ്യം ജോലി ചെയ്തത് കോന്നി അരുവാപ്പുലം പഞ്ചായത്തിലാണ്. ഇവിടെവെച്ചാണ് തട്ടിപ്പിൻ്റെ തുടക്കമെന്നാണ് പൊലീസും തദ്ദേശ വകുപ്പും കരുതുന്നത്.

ലൈഫ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയായ വിഇഒ എന്ന അധികാരം ദുർവിനിയോഗം ചെയ്താണ് റാണി ലക്ഷ്മി തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് പിന്നിൽ വൻ ആസൂത്രണം നടന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഗ്രാമസഭ ചേർന്ന് തയ്യാറാക്കുന്ന ഗുണഭോക്ത ലിസ്റ്റ് അട്ടിമറിച്ചു ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി വ്യാജ ഗുണഭോക്ത ലിസ്റ്റ് ഉണ്ടാക്കിയ ഇവർ യഥാർത്ഥ ലൈഫ് ഗുണഭോക്ത പട്ടികയ്ക്ക് ഒപ്പം സമർപ്പിച്ചു. തുടർന്ന് ഫണ്ട് തിരിമറി നടത്തി. ലൈഫ് ഫണ്ട്‌ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പൊലീസ് പറയുന്നത്.

റാണിയും ഭർത്താവും മുമ്പും ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച അറസ്റ്റിലായ റാണി ലക്ഷ്മിയെ റിമാൻഡ് ചെയ്തു. കേസിൽ പൊലീസും തദ്ദേശ വകുപ്പും ഇന്ന് പരിശോധന നടത്തും. തദ്ദേശ വകുപ്പ് ജോയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് അരുവാപ്പുലം പഞ്ചായത്തിൽ പരിശോധന നടക്കുക. കൂടുതൽ പഞ്ചായത്തുകളിൽ തട്ടിപ്പ് കണ്ടെത്തുകയാണെങ്കിൽ ഈ കേസുകളിലും റാണി ലക്ഷ്മിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

Post a Comment

أحدث أقدم
Join Our Whats App Group