‘സ്വിച്ച് ഇട്ടതുപോലെ പ്രശ്നം പരിഹരിക്കാനാകില്ല’; വൈദ്യുതി നിയന്ത്രണത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സണ്ണി ജോസഫ്
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ആകെ ആവശ്യത്തിന്റെ ഏകദേശം 25 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കി വൈദ്യുതിക്കായി മറ്റ് സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നത്. അർധരാത്രിക്ക് ശേഷവും പീക്ക് സമയമായി കണക്കാക്കേണ്ട സാഹചര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണ സമയങ്ങൾ കൃത്യമായി മുൻകൂട്ടി അറിയിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. എങ്കിലും ഏകദേശ സമയം അറിയിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കുമെന്നും ജനങ്ങൾ സാഹചര്യത്തോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ആര്യാടൻ മുഹമ്മദിന്റെ കാലത്തെ വൈദ്യുതി കരാർ സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ സർക്കാർ ഇടപെടുന്നതിൽ പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു. കേസിൽ അനുകൂലമായ വിധിയുണ്ടാകുന്നതിനായി മികച്ച അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായി മഴ കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും ഇടുക്കിക്ക് ശേഷം സംസ്ഥാനത്ത് വലിയ ജലവൈദ്യുത പദ്ധതികൾ ആരംഭിക്കാത്തതും വൈദ്യുതി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയാത്തതിന് കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്നും സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി നിയന്ത്രണ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ ഒക്ടോബറിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
إرسال تعليق