ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം നിത്യേന വർദ്ധിക്കുന്നതായി കണക്കുകള്‍
കണ്ണൂർ: ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം നിത്യേന വർദ്ധിക്കുന്നതായി കണക്കുകള്‍. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ദിനം പ്രതി 200 കവിഞ്ഞെന്നാണ് കണക്കുകള്‍.
കാലാവസ്ഥ മാറ്റത്തോടൊപ്പം കടുത്ത ചൂടും വൈറല്‍ പനിക്ക് കാരണമാകുന്നെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ വൈറല്‍ പനി ബാധിച്ച് ചികിത്സ തേടിയത് 5000 ത്തോളം പേരാണ്. വൈറല്‍ പനിയോടൊപ്പം ഡെങ്കിപ്പനിയും ജില്ലയില്‍ വ്യാപകമാണ്. കണ്ണൂർ കോർപറേഷൻ, ചിറക്കല്‍, തളിപ്പറമ്പ്, നാറാത്ത് എന്നിവിടങ്ങളിലെല്ലാം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊവിഡിന് സമാനമായി ഭക്ഷണം കഴിക്കുമ്പോള്‍ രുചിയില്ലായ്മ, കടുത്ത ക്ഷീണം, തലവേദന, ബ്ലഡ് പ്രഷർ കുറയുക, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളാണ് വൈറല്‍ പനിക്കുള്ളത്. സാധാരണ വൈറല്‍ പനി രണ്ടോ മൂന്നോ ദിവസം കൊണ്ട് മാറുകയാണ് പതിവ്. എന്നാല്‍ നീണ്ട രണ്ടാഴ്ചയോളം പനി തുടരുകയുമാണ്. പനി മാറിയാലും ക്ഷീണം കാരണം പലർക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ദിവസങ്ങളെടുക്കുകയാണ്.
തളിപ്പറമ്പ് താലൂക്ക് ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലുമായി കഴിഞ്ഞദിവസം മാത്രം ചികിത്സ തേടിയെത്തിയവർ 1000ത്തിലധികം വരുമെന്നാണ് കണക്കുകള്‍. ചില ആശുപത്രികളില്‍ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഒന്നിലധികം ഡോക്ടർമാരുടെ സേവനം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. വൈറല്‍ പനി ബാധിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയാല്‍ മണിക്കൂറോളമാണ് കാത്തിരിക്കേണ്ടി വരുന്നത്. കാലാവസ്ഥ വ്യതിയാനവും കൊതുകുകളുടെ വർദ്ധനവും ശുചിത്വമില്ലായ്മയും ജീവിതരീതിയിലെ മാറ്റങ്ങളും പകർച്ച വ്യാധികള്‍ അനിയന്ത്രിതമായി വർദ്ധിക്കാൻ ഇടയാക്കിയെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പനിക്കൊപ്പം ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍, കടുത്ത ശരീരവേദന, തുടർച്ചയായ ഛർദി, അമിത ക്ഷീണം തുടങ്ങിയവ അനുഭവപ്പെടുന്നവർ സ്വയം മരുന്നു കഴിക്കുന്നതിന് പകരം ഡോക്‌ടറെ കാണിച്ച് ചികിത്സ തേടണമെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
വേണം മുൻകരുതലുകള്‍
ഇടയ്ക്കിടെ സോപ്പ്, സാനിറ്റൈസർ ഉപയോഗിച്ച് കൈകള്‍ കഴുകുക
രോഗലക്ഷണമുള്ളവരുമായി അടുത്ത സമ്പർക്കം കുറയ്ക്കുക
ചുമയ്ക്കുമ്പോള്‍/തുമ്മുമ്പോള്‍ വായും മൂക്കും മൂടുക
മുറികളില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കുക
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
കൊതുകുകളുടെ ഉറവിടങ്ങള്‍ ഇല്ലാതാക്കുക
കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കുക
إرسال تعليق