Join News @ Iritty Whats App Group

അനധികൃത സ്വത്ത് സമ്പാദനത്തിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ; ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കോട്ടയം വിജിലൻസ് കോടതി

അനധികൃത സ്വത്ത് സമ്പാദനത്തിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ; ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കോട്ടയം വിജിലൻസ് കോടതി


സംസ്ഥാന പൊലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗികപദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി. കോട്ടയം വിജിലൻസ് കോടതിയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിധി പറഞ്ഞത്.
2013-ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസാണിത്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതി നടപടികൾ പൂർത്തിയാക്കിയത്. ശിക്ഷ ഉച്ചയ്ക്ക് രണ്ട് മണിയോടെ വിധിക്കും. പരമാവധി ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.

സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അ‌ടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസ് പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനെത്തുടർന്നാണു വിജിലൻസ് കോടതി ജ‍ഡ്‌ജി കെ.വി.രജനീഷിന്റെ മുൻപാകെ വിചാരണ പൂർത്തിയാക്കിയത്.

2003 ജനുവരി മുതൽ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. സർവീസിലിരിേക്ക വീടുകൾ, ഫ്‌ലാറ്റുകൾ, വസ്തുവകകൾ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. 2007-ൽ തച്ചങ്കരി ഡി.ഐ.ജി.യായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രം സമർപ്പിക്കുമ്പോൾ തച്ചങ്കരി സംസ്ഥാന പൊലീസ് ഉപമേധാവിയായി ഉയർന്നിരുന്നു.

ആഭ്യന്തരവകുപ്പ് മുൻ ജോ. സെക്രട്ടറിയെയടക്കം പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡി.ജി.പി., ഇൻകംടാക്‌സ് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചു.

എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മാത്രമാണ് മുൻ പൊലീസ് ഉപമേധാവി തച്ചങ്കരി മറുപടി നൽകിയത്. ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ച് വേദനയുണ്ടായെന്നും തച്ചങ്കരി കോടതിയിൽ പറഞ്ഞു. പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കോട്ടയം എൻക്വയറി കമ്മിഷണർ ആൻഡ് സ്‌പെഷ്യൽ ജഡ്ജ് (വിജിലൻസ്) കെ.വി. രജനീഷാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. ശ്രീകാന്താണ് ഹാജരായത്.

സ്വത്തുവകകൾ കുടുംബവിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്നും, കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ടോമിൻ ജെ. തച്ചങ്കരി നൽകിയ വിടുതൽ ഹർജിയിൽ, കുറ്റപത്രം നിലനിൽക്കുമെന്ന് കണ്ടെത്തി കോടതി നേരത്തേ തള്ളിയിരുന്നു. കേസിൽ ജൂൺ 30-നുമുൻപായി വിധി പറയണമെന്ന് ഹൈക്കോടതി വിജിലൻസ് കോടതിക്ക് നിർദേശം നൽകിയിരുന്നെങ്കിലും, പിന്നീട് സെപ്റ്റംബർ 30 വരെ നീട്ടിനൽകി. കേസിന്റെ വിചാരണയ്ക്കിടെ, ഔദ്യോഗികപദവയിലിരിക്കെ ഉപയോഗിച്ചിരുന്ന മൂന്ന് നക്ഷത്രചിഹ്നം പതിച്ച ബോർഡുവെച്ച സ്വകാര്യകാറിൽ കോട്ടയം വിജിലൻസ് കോടതിയിൽ തച്ചങ്കരി എത്തിയത് വിവാദമായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group