ദിൻഷ പഠിക്കുന്ന കാലത്ത് ഇരുവരും പ്രണയത്തിലായി, ജിത്തു ലഹരിമരുന്ന് കേസില്‍ പിടിയിലായതോടെ ബന്ധം തകര്‍ന്നു, പിന്നാലെ കൊല
പത്തനംതിട്ട : മാരാമണ്ണിലെ റിസോർട്ടിലെ ജോലിയിലൂടെ കുടുംബത്തിന് താങ്ങായി മാറാനാകുമെന്ന ദിൻഷയുടെ പ്രതീക്ഷയാണ് പ്രണയപ്പകയില്‍ പൊലിഞ്ഞത്.
കോഴഞ്ചേരി കീഴുകര വെണ്ണപ്ര പാറയില്‍ ജിത്തുവിന്റെ ഫോണ്‍വിളിയെത്തിയപ്പോള്‍ റിസോർട്ടിലെ റിസപ്ഷനില്‍ നിന്ന് ഇറങ്ങിപ്പോയ ദിൻഷയുടെ നിലവിളിയാണ് പിന്നീട് മറ്റ് ജീവനക്കാർ കേട്ടത്. നിർദ്ധന കുടുംബത്തിലെ അംഗമായിരുന്നു ദിൻഷ. മാതാപിതാക്കളായ കൊല്ലം കുളത്തൂപ്പുഴ ദിൻഷാ മൻസിലില്‍ ഷാജഹാന്റെയും ഷീജ ബീവിയുടെയും സ്വപ്നങ്ങളാണ് മകളുടെ മരണത്തോടെ ഇല്ലാതായത്.
ജിത്തുവിന്റെ കുത്തേറ്റ ദിൻഷയുടെ നിലവിളികേട്ട് ഓടിവന്ന സെക്യുരിറ്റിയാണ് ബഹളം വച്ച് ആളെ കൂട്ടിയത്. മറ്റ് ജീവനക്കാർ ഓടിയെത്തിയപ്പോള്‍ ഇവർക്കുനേരെയും ജിത്തു കത്തിവീശി. അപ്പോഴേക്കും ദിൻഷ പിടഞ്ഞുവീണിരുന്നു. കോഴഞ്ചേരിയില്‍ എവിയേഷൻ കോഴ്സ് പഠിക്കാനെത്തിയപ്പോഴാണ് ദിൻഷയുമായി ജിത്തു അടുപ്പത്തിലായത്. ദിൻഷ പഠിക്കുന്ന സ്ഥാപനത്തിന്റെ താഴത്തെ നിലയില്‍ കഫേ നടത്തുകയായിരുന്നു ജിത്തു. ദിവസവും കഫേയിലെത്തുന്ന ദിൻഷയുമായി ജിത്തു പ്രണയത്തിലായി. ജിത്തുവിനെ ലഹരിമരുന്ന് കേസില്‍ പൊലീസ് പിടികൂടിയതോടെയാണ് ദിൻഷ അകന്നത്. രണ്ട് മാസം മുമ്പ് ദിൻഷ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് ശേഷമാണ് മാരാമണ്ണിലെ റിസോർട്ടില്‍ റിസപ്ഷനിലെ ട്രയിനിയായി ജോലി ചെയ്യാൻ തുടങ്ങിയത്.
ദിൻഷയെ കൊലപ്പെടുത്താനുള്ള കത്തി പ്രതിയായ ജിത്തു ഓണ്‍ലൈനായാണ് വാങ്ങിയത്. പ്രണയം വീണ്ടും തുടരണമെന്ന ആവശ്യവുമായാണ് ഇയാളെത്തിയത്. സംസാരിക്കുന്നതിനിടെ പ്രകോപിതനായി ദിൻഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. അഞ്ച് തവണ കുത്തി. ജിത്തു നേരത്തെ മുതല്‍ പല ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജിത്തുവിന്റെ മാതാവ് കുഞ്ഞുമോളും മൂത്ത സഹോദരൻ ജിക്കുവും വിദേശത്താണ്. രോഗിയായ പിതാവ് സജിയും ജിത്തുവും മാത്രമാണ് കീഴുകര വെണ്ണപ്ര പാറയില്‍ വീട്ടിലുള്ളത്.
إرسال تعليق