ഇരിട്ടി വനം വകുപ്പ് ചെക്ക് പോസ്റ്റിന് സ്വന്തമായി സ്ഥലവും കെട്ടിടവും
ഇരിട്ടി: വർഷങ്ങളായി മാടത്തിൽ ടൗണിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന വനം വകുപ്പ് ചെക്ക്പോസ്റ്റിന് സ്ഥിരം സ്ഥലം അനുവദിച്ച് അധികൃതർ. ഇരിട്ടി ടൗണിനു സമീപം തലശ്ശേരി–മൈസൂരു സംസ്ഥാനാന്തര പാതയിൽ പൊലീസ് സ്റ്റേഷന് എതിർവശം, ആറളം വൈൽഡ് വാർഡന്റെ കാര്യാലയത്തിന് മുന്നിലെ മരാമത്ത് വകുപ്പിന്റെ സ്ഥലമാണ് ചെക്ക് പോസ്റ്റിനായി അനുവദിച്ചത്.
കണ്ടെയ്നർ മാതൃകയിലുള്ള പുതിയ ചെക്ക് പോസ്റ്റ് ആണ് ഇവിടെ ഒരുക്കുന്നത്. 20 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. നിർമ്മാണ ചുമതലയുള്ള പാലക്കാട് റീജിയനൽ നിർമ്മിതി കേന്ദ്രം കണ്ടെയ്നർ കെട്ടിടം സ്ഥലത്തെത്തിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനകം നിർമ്മാണം പൂർത്തിയാക്കും. ഓഫിസ്, ഹാൾ, കിടപ്പുമുറി, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഇതിനുള്ളിൽ ഉണ്ടാകും. വൈദ്യുതി കണക്‌ഷനും സിസിഎഫ് അനുമതിയും ലഭിച്ചാലുടൻ മാടത്തിയിൽ നിന്ന് ചെക്ക് പോസ്റ്റ് ഇവിടേക്ക് മാറ്റും.
കൂട്ടുപുഴയിലേക്ക് മാറ്റുന്നതിനായി നേരത്തേ സ്ഥലം കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. സെപ്റ്റംബർ അഞ്ചിന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. ദീപ, ഡിഎഫ്ഒ പി. കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ കൂട്ടുപു, വളവുപാറ, കിളിയന്തറ എന്നിവിടങ്ങളിലെ സർക്കാർ സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ല.
കർണാടകയിൽനിന്നുള്ള മരംകടത്ത് തടയുന്നതിനായി ഇരിട്ടി പാലത്തിനു സമീപം പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന ചെക്ക് പോസ്റ്റ് തലശ്ശേരി - വളവുപാറ റോഡ് വികസനത്തെ തുടർന്ന് 2017ൽ ആണ് മാടത്തിയിലേക്ക് മാറ്റിയത്.. 2020 നവംബറിൽ കൂട്ടുപുഴയിലേക്കും പിന്നീട് 2021ൽ വീണ്ടും മാടത്തിയിലേക്കും മാറ്റുകയായിരുന്നു.
إرسال تعليق