‘മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം, കാലതാമസം ഉണ്ടാകരുത്’; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് വിഡി സതീശൻ
ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് സതീശൻ ആവശ്യപ്പെട്ടു. തീരുമാനം വൈകില്ലെന്ന് രാഹുൽ ഗാന്ധി മറുപടി നൽകിയതായാണ് വിവരം. സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഒരാൾ കെപിസിസി അധ്യക്ഷനാകണമെന്നാണ് സതീശന്റെ നിലപാട്.
ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി തുടങ്ങിയ എംപിമാരുടെയും മാത്യു കുഴൽനാടൻ എംഎൽഎ, ജോസഫ് വാഴയ്ക്കൻ എന്നിവരുടെയും പേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കെ.സി. പക്ഷത്ത് നിന്ന് പ്രധാനമായും പരിഗണിക്കുന്ന പേരുകളിലൊന്നാണ് മാത്യു കുഴൽനാടന്റേത്. നേരത്തെ കെ. മുരളീധരൻ, സണ്ണി ജോസഫ് തുടങ്ങിയവരും ഹൈക്കമാൻഡിനെ തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു. പുതിയ അധ്യക്ഷനെ സംബന്ധിച്ച് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും മുൻ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായം തേടാൻ ദീപ ദാസ് മുൻഷിയെയും ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിരുന്നു.
നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായത്. അധ്യക്ഷ സ്ഥാനത്ത് സ്ഥിരമായ നേതൃത്വം ഇല്ലാത്തത് സംസ്ഥാന കോൺഗ്രസിൽ സംഘടനാപരമായ പ്രതിസന്ധികൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ, എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കണമെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിലപാട്.
إرسال تعليق