കണ്ണൂര്‍ ജില്ലയിലും പുറത്തും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ത്തി സ്വകാര്യ സ്ഥാപനങ്ങള്‍
കണ്ണൂർ : ജില്ലയിലും പുറത്തും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ വിവരങ്ങള്‍ ചോർത്തി സ്വകാര്യ സ്ഥാപനങ്ങള്‍.
ഇതിന് സഹായം ചെയ്ത് അധികൃതർ. വിവിധ കോഴ്‌സുകള്‍ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളും ഏജൻസികളുമാണ് സ്‌കൂളുകളിലെത്തി വിദ്യാർഥികളുടെ വിവരശേഖരണം നടത്തുന്നത്. കുട്ടികളുടെ വിലാസവും ഫോട്ടോയും ഉള്‍പ്പെടെ ഇത്തരത്തില്‍ ശേഖരിക്കുന്നുണ്ട്. തുടർന്ന് വിവിധ കോഴ്സുകള്‍ സംബന്ധിച്ച വിവരമടങ്ങിയ കത്ത് കുട്ടികള്‍ക്ക് അയക്കുന്നുണ്ട്. ഒപ്പം ഫോണ്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും കുട്ടികളെയും രക്ഷിതാക്കളെയും ഇവർ സ്വാധീനിക്കുന്നുണ്ട്.
എസ്.എസ്.എല്‍.സി, പ്ലസ്‌ടു കഴിഞ്ഞ വിദ്യാർഥികളെയാണ് ഏറെയും ഇവർ വലയിലാക്കുന്നത്. വൻ തുക ഫീസ് വാങ്ങി നടത്തുന്ന ഒട്ടേറെ കോഴ്‌സുകളാണ് പരിചയപ്പെടുത്തുന്നത്. കമ്പ്യൂട്ടർ, നഴ്‌സിങ്, ഐ.ടി, മറ്റ് വിവിധ ഓണ്‍ലൈൻ കോഴ്‌സുകള്‍ തുടങ്ങിയവയാണ് ഏറെയും.
സ്‌കൂള്‍ മേധാവികളും മറ്റു ചിലരുമായും ധാരണയുണ്ടാക്കിയാണ് സ്വകാര്യ സ്ഥാപന ഏജൻസികള്‍ വിദ്യാർഥികളുടെ വിവര ശേഖരണം നടത്തുന്നത്. മേലധികാരികള്‍ക്ക് വൻ തുകയും മറ്റ് ഓഫറുകളും നല്‍കിയാണ് വിദ്യാർഥികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ കുറെ നാളുകളായി ഇത്തരം വിവരം ശേഖരിക്കുന്ന ഏജൻസികളില്‍നിന്ന് അവ ദുരുപയോഗം ചെയ്യുന്നതായും വ്യാപക പരാതി ഉണ്ടായിരുന്നു. സ്‌കൂളുകളില്‍ ക്ലാസ് മുറികളില്‍ കയറി നോട്ടീസ് വിതരണവും സൈന്യത്തിലടക്കം ജോലി വാഗ്ദാനം ചെയ്തുള്ള പ്രത്യേക സെമിനാറുകളും പലയിടത്തും നടത്തുന്നുണ്ട്. പിന്നീട് ഇവർ നല്‍കുന്ന ഫോണുകളില്‍ വിളിച്ച പല കുട്ടികളോടും രക്ഷിതാക്കളോടും രജിസ്ട്രേഷൻ ഫീസും വാങ്ങുന്നുണ്ട്. എന്നാല്‍ പിന്നീട് വിവരമൊന്നുമുണ്ടായില്ലെന്നതാണ് സ്ഥിതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് കുട്ടികളുടെ ഫോട്ടോയും വിവരങ്ങളും പുറത്താകുന്നതെന്ന് തെളിഞ്ഞതോടെ രക്ഷിതാക്കള്‍ പലയിടത്തും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Post a Comment