‘മതിയായ തെളിവില്ല’; രാഹുൽ ഗാന്ധിക്കെതിരായ ബ്രിട്ടീഷ് പൗരത്വ ഹർജി തള്ളി ഹൈക്കോടതി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കുന്ന മതിയായ തെളിവുകൾ ഹർജിക്കാരന് ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ശേഖർ ബി. സറാഫ്, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനല്ലെന്നും അതിനാൽ റായ്ബറേലിയിൽ നിന്നുള്ള എംപിയായി തുടരാൻ അർഹതയില്ലെന്നും ആരോപിച്ച് ക്വോ വാറന്റോ റിട്ട് പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ലഖ്നൗ സ്വദേശികളായ അഭിഭാഷകരായ അശോക് പാണ്ഡെയും രജനീഷ് കുമാർ സിംഗുമാണ് ഹർജി സമർപ്പിച്ചത്.
2003ൽ ബ്രിട്ടനിൽ ആരംഭിച്ച ‘ബാക്ക്ഓപ്സ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ ഡയറക്ടറും ഓഹരി ഉടമയുമായി രാഹുൽ ഗാന്ധി സ്വയം ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചുവെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം. എന്നാൽ ഇത് തെളിയിക്കുന്ന ബ്രിട്ടീഷ് രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകളോ മറ്റ് ഔദ്യോഗിക രേഖകളോ ഹാജരാക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ല.
‘റൗൾ വിൻചി’ എന്ന പേരിലുള്ള ഒരാളുടെ പഠനവുമായി ബന്ധപ്പെട്ട് കേംബ്രിഡ്ജ് സർവകലാശാലയുടേതെന്ന് അവകാശപ്പെട്ട ഒരു കത്ത് മാത്രമാണ് ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചത്. ഇത് ആരോപണം തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് തെളിവുകൾ ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുമതി തേടുകയും കോടതി അത് അനുവദിക്കുകയും ചെയ്തു.
2015ലും 2019ലും ഇതേ ഹർജിക്കാർ സമാന ആരോപണങ്ങളുമായി കോടതിയെ സമീപിച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. 1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിലെ സെക്ഷൻ 9(2) പ്രകാരം പൗരത്വം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികൾ കേന്ദ്ര സർക്കാരിന് മുന്നിലാണ് ഉന്നയിക്കേണ്ടതെന്നും നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
إرسال تعليق