കെപിസിസി അധ്യക്ഷ പദവി: തീരുമാനം നീളുന്നു; ‘ഫയൽ’ തുറക്കാതെ എഐസിസി
കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. പുതിയ അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾക്ക് എഐസിസി ഇതുവരെ തുടക്കം കുറിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടനാ വിഷയങ്ങൾക്കാണ് ഹൈക്കമാൻഡ് നിലവിൽ കൂടുതൽ പരിഗണന നൽകുന്നത്. കേരളത്തിലെ അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട ചർച്ചകൾ എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.
അതിനിടെ, കെ.സി. വേണുഗോപാൽ വിഷയത്തിൽ നേരിട്ട് ഇടപെടാതെ നിൽക്കുമെന്നാണ് സൂചന. അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് നിർദേശിക്കേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹം. അതേസമയം, പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യം കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമാണ്. എന്നാൽ പുതിയ അധ്യക്ഷന്റെ കാര്യത്തിൽ ഒറ്റപ്പേരിലേക്ക് എത്താൻ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തന്നെയാണ് വൈദ്യുതി മന്ത്രിയും. മന്ത്രിസ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും ഒരുമിച്ച് വഹിക്കാൻ കഴിയുമെങ്കിലും ‘ഒരു വ്യക്തിക്ക് ഒരു പദവി’ എന്ന രീതിയോടാണ് തനിക്ക് യോജിപ്പെന്ന് സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കമാൻഡ് ഏത് പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ടാലും അതനുസരിച്ച് തീരുമാനമെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം വൈകുന്ന സാഹചര്യത്തിൽ സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം. തലസ്ഥാനത്ത് ഉണ്ടാകുമ്പോൾ സണ്ണി ജോസഫ് കൂടുതൽ സമയം ഇന്ദിരാഭവനിൽ ചെലവഴിക്കാനും സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുമാണ് ധാരണ. പുതിയ അധ്യക്ഷനെ സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം വൈകുന്നതോടെ കേരള കോൺഗ്രസിലെ സംഘടനാ ചർച്ചകൾക്കും വീണ്ടും ചൂടേറുകയാണ്.
إرسال تعليق