‘ചാർട്ടേഡ് വിമാനങ്ങൾ രഹസ്യ കൂടിക്കാഴ്ചകളുടെ അരങ്ങോ?’; സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സനൽകുമാർ ശശിധരൻ
ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. ലളിതമായ പരാതിയിൽ പോലും അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകാത്തതിന് പിന്നിൽ ‘മറഞ്ഞിരിക്കുന്ന സ്പോൺസർമാരുടെ’ സ്വാധീനമുണ്ടെന്നാണ് സനൽകുമാർ ശശിധരന്റെ ആരോപണം.
ചാർട്ടേഡ് വിമാനങ്ങളുടെ പണം ഖജനാവിൽ നിന്നല്ലെന്ന വാദവും ഇനിയും ഇത്തരം യാത്രകൾ നടത്തുമെന്ന നിലപാടും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടാകുന്നത് ഗൗരവകരമാണെന്ന് സനൽകുമാർ ശശിധരൻ പറഞ്ഞു. സ്പോൺസർമാർ നിയന്ത്രിക്കുന്ന ഒരു സോഷ്യൽ ഇക്കോസിസ്റ്റം നിലവിലുണ്ടെന്നും ഒന്നോ രണ്ടോ ദിവസങ്ങൾക്കപ്പുറം വിവാദങ്ങൾക്ക് ആയുസ്സില്ലെന്ന് ഭരണാധികാരിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഒന്നാം പിണറായി സർക്കാരിലെ പിണറായി വിജയനിൽനിന്ന് രണ്ടാം സർക്കാരിലെ പിണറായി വിജയന്റെ ‘അനങ്ങാപ്പാറ’ നിലപാടിലേക്കുള്ള മാറ്റത്തിന് പിന്നിൽ ഇത്തരമൊരു മറഞ്ഞിരിക്കുന്ന ശക്തിയാണെന്നും സനൽകുമാർ ആരോപിച്ചു. ഭരണാധികാരിയെ ജനങ്ങളിൽനിന്ന് അകറ്റുന്ന പദ്ധതിയുടെ ഭാഗമായാണ് വലിയ സുരക്ഷാ സന്നാഹങ്ങളെയും വാഹനവ്യൂഹത്തെയും കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തിന്റെ തലപ്പത്തുള്ളവരെ ‘മാഫിയ’ അതിരഹസ്യങ്ങളുടെ പേരിൽ നിയന്ത്രിക്കുന്നുവെന്നും മലയാള സിനിമയിൽ ആഴത്തിൽ വേരുകളുള്ള ലൈംഗിക ചൂഷണ ശൃംഖലയുമായി ഇതിന് ബന്ധമുണ്ടെന്നും സനൽകുമാർ ശശിധരൻ ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നവർ നേരിടുന്ന സമ്മർദങ്ങളും സമരങ്ങളെ അപഹസിക്കുന്നതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇതേ സ്വാധീനം ഉണ്ടെന്നും അതിലേക്ക് എത്തുന്ന പരാതികൾ അന്വേഷിക്കപ്പെടുന്നില്ലെന്നും സനൽകുമാർ ആരോപിച്ചു. ചാർട്ടേഡ് വിമാനയാത്രകൾ സമയം ലാഭിക്കുന്നതിനുള്ള മാർഗം മാത്രമല്ലെന്നും രഹസ്യ കൂടിക്കാഴ്ചകൾക്ക് ഇത്തരം യാത്രകൾ വേദിയാകുന്നുണ്ടാകാമെന്നും അദ്ദേഹം പോസ്റ്റിൽ ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
എന്തുകൊണ്ടാണ് വളരെ ലളിതമായ ഒരു പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കാൻ പോലും തയാറാവാതെ ഇപ്പോഴത്തെ സർക്കാർ ഒളിച്ചുകളിക്കുന്നത് എന്ന് പൊതുജനങ്ങൾക്ക് ഇപ്പോൾ മനസിലാവും എന്ന് കരുതുന്നു. ഇതുപോലുള്ള ഒരിക്കലും വെളിപ്പെടാത്ത സ്പോൺസർമാർ ആഗ്രഹിക്കുന്നതിനനുസരിച്ചാണ് ഭരണം നടക്കുന്നത്.
ചാർട്ടഡ് ഫ്ളൈറ്റുകളുടെ പണം ഖജനാവിൽ നിന്നല്ലല്ലോ എന്ന ന്യായവും ഇനിയും അത് ചെയ്യുമെന്നുള്ള ധാർഷ്ട്യവും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ജനങ്ങളുടെ മുന്നിൽ വെയ്ക്കുന്നുവെങ്കിൽ അതിന്റെ കാരണം സ്പോൺസർമാർ നിയന്ത്രിക്കുന്ന ഒരു സോഷ്യൽ ഇക്കോ സിസ്റ്റം നിലവിലുണ്ടെന്നും ഒന്നോ രണ്ടോ ദിവസങ്ങൾക്കപ്പുറം “വിവാദ”ങ്ങൾക്ക് ആയുസ്സില്ലെന്നും അദ്ദേഹത്തിന് ഉറപ്പുണ്ട് എന്നതാണ്.
ഇന്നോ നാളെയോ മറ്റൊരു വിഷയം കൊണ്ട് ഈ മുഖംമൂടിയിട്ട കൈക്കൂലിക്കേസ് അവസാനിക്കും എന്നും അദ്ദേഹത്തിന് ഉറപ്പുണ്ട്. ഒന്നാം പിണറായി സർക്കാറിലെ പിണറായി വിജയനിൽ നിന്നും രണ്ടാം പിണറായി സർക്കാറിലെ പിണറായി വിജയന്റെ അനങ്ങാപ്പാറയെ സൃഷ്ടിച്ചത് ഇങ്ങനെ മറഞ്ഞിരിക്കുന്ന ഒരു ശക്തിയാണ്.
നാല്പതു കാറും നാലായിരം പോലീസുകാരും അകമ്പടി സേവിക്കുന്ന ഏകാധിപതിയായി ഭരണാധികാരിയെ ജനങ്ങളിൽ നിന്നകറ്റുന്ന പദ്ധതിയുടെ ആദ്യഘട്ടം മാത്രമാണ് വിഡി സതീശന്റെ കാര്യത്തിൽ നാം ഇപ്പോൾ കാണുന്നത്.
ഇത് തിരിച്ചറിയാൻ കഴിയാത്തവിധം ലോലമായ മനോനിലയുള്ള ആളല്ല മുഖ്യമന്ത്രി. പിന്നെ എന്തിനാണ് അദ്ദേഹം ഇതിന് വഴങ്ങുന്നത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാൽ കാര്യങ്ങൾ കൂടുതൽ വെളിച്ചത്തിൽ വരും.
അതിരഹസ്യങ്ങളുടെ കയർപിരി മുറുക്കത്തിൽ ഭരണത്തിന്റെ തലപ്പത്തുള്ളവരെ ഈ മാഫിയ കെട്ടിയിടുന്നത് മലയാളം സിനിമയിൽ ആഴത്തിൽ വേരുകളുള്ള ഒരു സെക്സ് റാക്കറ്റിന്റെ സഹായത്തോടെയാണ്.
അതുകൊണ്ടാണ് അതേക്കുറിച്ചുള്ള അന്വേഷണം ആവശ്യപ്പെടുന്നവർ തോക്കിൻ മുനയിലാവുന്നത്, സമരങ്ങൾ അപഹസിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാത്തത്. അതിലേക്ക് ചെന്നെത്തുന്ന ഒരൊറ്റ പരാതിയും അന്വേഷിക്കപ്പെടാത്തത്.
ചാർട്ടഡ് വിമാനയാത്ര സമയം കുറയ്ക്കുക എന്ന ഒറ്റലക്ഷ്യം മാത്രമല്ല നടപ്പാക്കുന്നത്. ഏറ്റവും രഹസ്യമായി നടക്കേണ്ട കൂടിക്കാഴ്ചകൾക്ക് ആകാശം ഒരു അരങ്ങുകൂടിയാണ്.
മാഫിയാ തന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നില്ല എന്നതും അത് ചൂണ്ടിക്കാണിക്കുന്നവരെ കല്ലെറിയുന്നു എന്നതും നാടിനെ ഓരോ ദിവസവും അഴിമതിയുടെ നിലയിലാക്കയത്തിലേക്ക് മുക്കിത്താഴ്ത്തുന്നു.
Post a Comment