Join News @ Iritty Whats App Group

കുനിത്തലമുക്ക്- വെള്ളര്‍വള്ളി റോഡ് പ്രവൃത്തി പാതിവഴിയില്‍

കുനിത്തലമുക്ക്- വെള്ളര്‍വള്ളി റോഡ് പ്രവൃത്തി പാതിവഴിയില്‍


പേരാവൂർ: പേരാവൂർ കോളയാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുനിത്തലമുക്ക് -വായന്നൂർ- വെള്ളർവള്ളി റോഡിന്റെ പ്രവൃത്തി നിലച്ചു.

പ്രധാനമന്ത്രി റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിർമ്മാണം ആരംഭിച്ചത്. ആകെ ഉണ്ടായിരുന്ന ഏഴു കിലോമീറ്റർ റോഡില്‍ മൂന്നര കിലോമീറ്റർ പേരാവൂർ പഞ്ചായത്തിലും ബാക്കി ഭാഗം കോളയാട് പഞ്ചായത്തിലുമാണ്. 5.5 മീറ്റർ വീതിയില്‍ ടാറിംഗും കലുങ്ക് നിർമ്മാണ പ്രവൃത്തികളും ഉള്‍പ്പെടെ 11.5 കോടിയോളം രൂപക്കാണ് പ്രവൃത്തി ആരംഭിച്ചത്.

ഇതില്‍ കുനിത്തലമുക്ക് മുതല്‍ മണ്ഡപം വരെ ഒന്നാംഘട്ട മെക്കാഡം ടാറിംഗ് നടത്തിയത് മാത്രമാണ് ആകെ ചെയ്തത്. എന്നാല്‍ ബാക്കി ഭാഗത്തെ പ്രവൃത്തികള്‍ വായന്നൂർ അമ്പലമുക്ക് മുതല്‍ വെള്ളർവള്ളി സ്കൂള്‍ വരെ കലുങ്ക് നിർമ്മാണത്തില്‍ മാത്രം ഒതുങ്ങി. റോഡിന്റെ പല ഭാഗത്തും ടാറിംഗ് ഉള്‍പ്പെടെ പൊളിച്ചു നീക്കിയതിനാല്‍ വാഹന ഗതാഗതവും കാല്‍നടയാത്ര പോലും സാദ്ധ്യമാകാത്ത വിധം ദുരവസ്ഥയിലാണ്.

2004 ഒക്ടോബർ 24ന് നിർമ്മാണം ആരംഭിച്ച്‌ ഒരു വർഷം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനായിരുന്നു കരാർ. എന്നാല്‍ വർഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവൃത്തി പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ഇപ്പോള്‍ കരാറുകാരൻ ടെൻഡർ പുതുക്കാതെ പ്രവൃത്തി ഉപേക്ഷിച്ചതായാണ് വിവരം. പ്രവൃത്തി പൂർത്തീകരിച്ച്‌ റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

ഉദ്യോഗസ്ഥർ പരസ്പരം പഴിചാരുന്നു

റോഡ് തകർന്ന് കിടക്കുന്നതിനാല്‍ ഇരു ചക്രവാഹന യാത്രക്കാർ നിരന്തരമായി അപകടത്തില്‍ പെടുകയാണ്. പ്രവൃത്തി വൈകുന്നതിനെക്കുറിച്ച്‌ അന്വേഷിക്കുമ്പോള്‍ ഉദ്യോഗസ്ഥർ പരസ്പരം പഴിചാരുകയാണ് ചെയ്യുന്നതെന്നും കരാറുകാരൻ ഒഴിവായിട്ടുണ്ടെങ്കില്‍ പുതിയ ആളെ കണ്ടെത്തി എത്രയും വേഗം റോഡ് പണി പൂർത്തീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

റോഡ് പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ റോഡ് ഉപരോധം ഉള്‍പ്പെടെ അതിശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികളും വാഹന യാത്രക്കാരും.

Post a Comment

Previous Post Next Post
Join Our Whats App Group