‘ഗ്യാനേഷ് കുമാർ രാജിവെക്കണം’; തെരുവിലിറങ്ങി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, ഡൽഹിയിലും ജയ്പൂരിലും സംഘർഷം
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം. ഡൽഹി, ജയ്പൂർ, ലഖ്നൗ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചുകളിൽ സംഘർഷമുണ്ടായി. ജയ്പൂരിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ദില്ലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നരേന്ദ്ര മോദിയുടെയും ഗ്യാനേഷ് കുമാറിന്റെയും മുഖമൂടികൾ ധരിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു മാർച്ചും റോഡ് ഉപരോധവും. സാധാരണക്കാരന്റെ വോട്ടവകാശം സംരക്ഷിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും ഉദയ് ഭാനു ചിബ് ആവശ്യപ്പെട്ടു.
ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ച ഉദയ് ഭാനു ചിബ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പ്രതിഷേധത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള റോഡുകൾ പൊലീസ് അടച്ചു. യൂത്ത് കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിലും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ ശക്തമായ പ്രതിഷേധം തുടരുമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
إرسال تعليق