Join News @ Iritty Whats App Group

പിഎം ശ്രീ നടപ്പാക്കാതെ കേന്ദ്ര ഫണ്ട് ലഭിക്കില്ല, വിദ്യാർത്ഥികളുടെ ഭാവി വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് രാജീവ്‌ ചന്ദ്രശേഖർ

പിഎം ശ്രീ നടപ്പാക്കാതെ കേന്ദ്ര ഫണ്ട് ലഭിക്കില്ല, വിദ്യാർത്ഥികളുടെ ഭാവി വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് രാജീവ്‌ ചന്ദ്രശേഖർ


ദില്ലി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ് യു ഡി എഫ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട പ്രയോജനങ്ങൾ എൽഡിഎഫും യുഡിഎഫും സങ്കുചിത രാഷ്ട്രീയം പറഞ്ഞ് ഇല്ലാതാക്കുകയാണ്. പി എം ശ്രീ നടപ്പാക്കാൻ വൈകുന്ന കേരള സർക്കാർ നിലപാട് മൂലം കേന്ദ്ര സർക്കാരിന്റെ മറ്റു വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ടുകൾ പോലും കേരളത്തിലേക്ക് നൽകാനാവാത്ത നിയമപരമായ സ്ഥിതി വന്നതായും കേരളം എത്രയും വേഗം പിഎം ശ്രീ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രള്ഹാദ് പാട്ടീൽ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാത്തതിലൂടെ, സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളാണ് ഇവിടെ നിഷേധിക്കപ്പെടുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. കേരളത്തിലെ യുവജനത ഇന്നുവരെ ലഭിച്ചതിനേക്കാളും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതിനേക്കാളും മികച്ചൊരു ഭാവി അർഹിക്കുന്നുണ്ട്. പി എം ശ്രീ അടക്കമുള്ള കേന്ദ്ര പദ്ധതികൾ അതിന് അവരെ സഹായിക്കും. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചും നമ്മുടെ യുവജനങ്ങൾ നേരിടുന്ന തൊഴിലവസരങ്ങളുടെ പ്രതിസന്ധിയെക്കുറിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. അഴിമതിയും നിയമനത്തിലെ അനാവശ്യ കാലതാമസവും കാരണം വലയുന്ന കേരളത്തിലെ പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ അവസ്ഥ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

പിഎസ്‍സി അടക്കമുള്ള പ്രശ്നങ്ങളെല്ലാം ഉടൻ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കോൺഗ്രസ്-ലീഗ് സർക്കാർ അധികാരത്തിൽ വന്നതെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. എന്നാൽ 120 ദിവസത്തിലേറെ കഴിഞ്ഞിട്ടും ആ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. നമ്മുടെ യുവാക്കൾ വഞ്ചിക്കപ്പെട്ടു. ആ വഞ്ചന ഇപ്പോഴും തുടരുകയാണ്. ആധുനിക വിദ്യാഭ്യാസവും കഴിവിനൊത്ത അവസരങ്ങളും ലഭിക്കാൻ അവർക്ക് പൂർണ്ണ അർഹതയുണ്ട്. അവരുടെ നല്ല ഭാവിക്കായി തെരുവുകളിൽ പോരാടാനും നിയമസഭയിൽ അവരുടെ ശബ്ദമാകാനും ബിജെപി പ്രതിജ്ഞാബദ്ധരാണെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group