ഇരിട്ടി താലൂക്ക് ആശുപത്രി ആവശ്യത്തിന് ഡോക്ടർമാരില്ലാതെ പ്രവർത്തനം താളം തെറ്റിയ നിലയിൽ
പനി ഉൾപ്പെടെയുള്ള രോഗങ്ങൾ മേഖലയിലെങ്ങും വ്യാപകമാണ്. ആശുപത്രിയിൽ ഡോക്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വൻ കുറവാണ് കിടത്തി ചികിത്സ ഉൾപ്പെടെ പ്രതി സന്ധിയിലാക്കുന്നത്. 42 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടായിട്ടും പത്ത് പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഒരു ശിശുരോഗ വിദഗ്ദൻ ഉള്ളതിനാൽ മാത്രമാണ് ആ വാർഡിൽ ഏതാനും കുട്ടികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഡോക്ടർമാർ കൂട്ടത്തോടെ ആസ്പത്രി വിട്ടതോടെ പാതി വഴിയിൽ ചികിത്സ അവസാനിപ്പിച്ച് മറ്റ് വഴികൾ തേടുകയാണ് പാവപ്പെട്ട രോഗികളും അവരുടെ കുടുംബങ്ങളും.
സാധാരണക്കാരുടെ പ്രധാന ആശ്രയമായ സർക്കാർ ആശുപത്രിയിൽ ദിവസേന 900ത്തോളം രോഗികളാണ് ഒ പിയിൽ ചികിത്സ തേടിയെത്തുന്നത്. എന്നാൽ ഇത്രയും രോഗികളെ പരിശോധിക്കാൻ ആവശ്യമായത്ര ഡോക്ടർമാരില്ലാത്തത് ഇത് രോഗികളെ ദുരിതത്തിലാക്കുകയാണ്. ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ കിടത്തി ചികിത്സാ സൗകര്യമുണ്ടായിട്ടും രോഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ കണ്ണൂർ, പരിയാരം തുടങ്ങിയ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതായും ആരോപണമുണ്ട്. ഇതോടെയാണ് സ്ത്രീ , പുരുഷ വാർഡുകളിൽ കട്ടിലുകൾ ഒഴിഞ്ഞു കിടക്കുന്നത്.
ആശുപത്രിയിൽ നിലവിൽ ഏത് വിഭാഗത്തിൽ ഏത് ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാകുന്നതെന്ന് പൊതുജനങ്ങളെ അറിയിക്കുന്ന സംവിധാനം മറ്റ് പല ആശുപത്രികളിലും നിലവിലുണ്ടെങ്കിലും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അത്തരമൊരു സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ ഒഴിവും, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ മൂന്ന് ഒഴിവും, നേത്രരോഗ വിഭാഗത്തിൽ ഒരു ഒഴിവും, അനസ്തീഷ്യ വിഭാഗത്തിൽ ഒരു ഒഴിവും നിലവിലുണ്ട്. ആസ്പത്രിയിൽ സൂപ്രണ്ടിന്റെ തസ്തികയും സ്ഥലം മാറ്റത്തെ തുടർന്ന് ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ദിവസം ഫിസിഷ്യൻ കൂടി സ്ഥാലം മാറി പോയതോടെ കിടത്തി ചികിത്സ വിഭാഗത്തിൽ രോഗികളെ പരിശോധിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണ്. ഇതിനെത്തുടർന്നാണ് തുടർ ചികിത്സക്കായി അഡ്മിറ്റ് ചെയ്തവർ കൂട്ടത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ ആസ്പത്രി വിട്ടത്.
ഇതിന് പുറമെ നഗരസഭ മുഖേന നിയമിക്കുന്ന ഒരു ഡോക്ടറുടെയും ദേശീയ ആരോഗ്യ ദൗത്യം (എൻ ആർ എച്ച് എം ) മുഖേന നിയമിക്കുന്ന ഒരു ഡോക്ടറുടെയും ഒഴിവുകളുമുണ്ട്. നിലവിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ രണ്ട് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, രണ്ട് ജൂനിയർ കൺസൾട്ടന്റ്, ഒരു ശിശുരോഗ വിദഗ്ധർ, ഒരു അസിസ്റ്റന്റ് സർജ്ജൻ എന്നിവരാണുള്ളത്. ഇതോടൊപ്പം ഒരു ദന്തൽ ഡോക്ടറുടെ സേവനവുമുണ്ട്. സ്ഥലം മാറി പോയവർക്ക് പകരം നിയമനം നടത്തിയ തസ്തികയിൽ നിയമിക്കപ്പെട്ടവർ ജോലിയിൽ ഹാജരായിട്ടുമില്ല.
അതേസമയം രോഗികൾ തിക്കിത്തിരക്കിയിരുന്ന താലൂക്ക് ആശുപത്രിയുടെ മുറ്റവും അകത്തളങ്ങളും ഒഴിഞ്ഞു കിടക്കുമ്പോൾ പ്രദേശത്തെ സ്വകാര്യ ആശുപത്രികൾ രോഗികളെക്കൊണ്ട് തിങ്ങി നിറയുകയാണ്. ടോക്കൺ മുഖേന കാണേണ്ട ഡോക്ടർമാരുടെ ടോക്കണുവേണ്ടി ഫോൺ മുഖേനയും മറ്റും ബന്ധപ്പെടുമ്പോൾ ടോക്കൺ തീർന്നു എന്ന മറുപടിയാണ് പലർക്കും ലഭിക്കുന്നത്. താലൂക്ക് ആശുപത്രയിൽ ഡോക്ടർമാരില്ലാത്ത അവസരം മുതലാക്കി മുന്നൂറും നാനൂറും രൂപവരെ ഫീസ് ഈടാക്കി പല സ്വകാര്യ ആശുപത്രികളും പണം കൊയ്യുന്ന അവസ്ഥയിലാണ്.
മലയോര മേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുകയും നിലവിലുള്ള കിടത്തി ചികിത്സാ സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിപ്പിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.
Post a Comment