അക്കാദമിക–അക്കാദമികേതര പ്രവർത്തനങ്ങളിലെ മികവിന് വയത്തൂർ യുപി സ്കൂളിന് ഐഎസ്ഒ അംഗീകാരം
ഉളിക്കൽ: ഗുണമേന്മയാർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും മികച്ച അക്കാദമിക–അക്കാദമികേതര പ്രവർത്തനങ്ങൾക്കും ഉളിക്കൽ വയത്തൂർ യു.പി. സ്കൂളിന് ഐഎസ്ഒ അംഗീകാരം. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎ ഐഎസ്ഒ പ്രഖ്യാപനം നടത്തി.
വിദ്യാർഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി സ്കൂൾ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളും കാര്യക്ഷമമായ സംവിധാനങ്ങളുമാണ് ഐഎസ്ഒ അംഗീകാരത്തിന് വഴിയൊരുക്കിയതെന്ന് എംഎൽഎ പറഞ്ഞു. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനൊപ്പം ശുചിത്വം, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപനരീതി, വിദ്യാർഥി സൗഹൃദ അന്തരീക്ഷം തുടങ്ങിയ മേഖലകളിലെ മികവും അംഗീകാരത്തിനായി പരിഗണിച്ചു. അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വിദ്യാർഥികളുടെ സർഗാത്മകവും സാമൂഹികവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളും സ്കൂളിൽ നടപ്പാക്കിയിരുന്നു.
ഐഎസ്ഒ പ്രഖ്യാപനവും വിശദീകരണവും ലീഡ് ഓഡിറ്റർ ബാബു മാത്യു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് കിടാരത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. സുജി, ഇരിക്കൂർ എഇഒ പി.എൻ. ഗീത, സ്കൂൾ പ്രധാനാധ്യാപകൻ എൻ.ജെ. തോമസ്, യു.കെ. ജിൻസ് എന്നിവർ പ്രസംഗിച്ചു.
Post a Comment