Join News @ Iritty Whats App Group

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമം

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമം


രിട്ടി: മലയോര മേഖലയില്‍ പനിയും മറ്റു രോഗങ്ങളും വ്യാപകമാകുമ്പോള്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർമാരുടെ കടുത്ത ക്ഷാമം.

ദിവസേന തൊള്ളായിരത്തോളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു.

പേരാവൂർ, കണിച്ചാർ തുടങ്ങിയ ആശുപത്രികളില്‍നിന്ന് ഡോക്ടർമാരെ എത്തിച്ചാണ് ചില ദിവസങ്ങളില്‍ രോഗികളെ പരിശോധിക്കുന്നതെന്നാണ് വിവരം. ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ കിടത്തി ചികിത്സാ സൗകര്യമുണ്ടായിട്ടും രോഗികളെ കണ്ണൂർ, പരിയാരം ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതായും പരാതിയുണ്ട്. ഇതുമൂലം ആശുപത്രിയിലെ നിരവധി കിടക്കകള്‍ ഒഴിഞ്ഞുകിടക്കുന്നതായും ചില വാർഡുകള്‍ അടച്ചിട്ടിരിക്കുന്നതായും ആക്ഷേപമുയരുന്നു.

ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഡോക്ടർമാരുടെയും കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസർ തസ്തികയില്‍ മൂന്ന് പേരുടെയും നേത്രരോഗ വിഭാഗത്തില്‍ ഒരാളുടെയും അനസ്തീഷ്യ വിഭാഗത്തില്‍ ഒരാളുടെയും ഒഴിവുകളുണ്ടെന്നാണ് വിവരം. ഇതിന് പുറമേ നഗരസഭ മുഖേന നിയമിക്കേണ്ട ഒരു ഡോക്ടറുടെയും ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്‌എം) മുഖേന നിയമിക്കേണ്ട ഡോക്ടറുടെയും തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു.നിലവില്‍ ഒരു സൂപ്രണ്ട്, ഒരു കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസർ, ഒരു ഫിസിഷ്യൻ, രണ്ട് ശിശുരോഗ വിദഗ്ധർ, ഒരു ഇഎൻടി ഡോക്ടർ, ഒരു അസിസ്റ്റന്റ് സർജൻ എന്നിവരെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ദന്തല്‍ ഡോക്ടറുടെ സേവനവും ലഭ്യമാണ്.

900 രോഗികള്‍ക്ക് വിരലിലെണ്ണാവുന്ന ഡോക്ടർമാർ

ദിവസേന 900ഓളം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ നിലവിലുള്ള പരിമിതമായ ഡോക്ടർമാരെ ഉപയോഗിച്ചാണ് സേവനം ക്രമീകരിക്കുന്നത്. നൈറ്റ് ഡ്യൂട്ടിയും അവധിയും ഉള്‍പ്പെടെ വരുമ്പോള്‍ ചില ദിവസങ്ങളില്‍ വിരലിലെണ്ണാവുന്ന ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നതെന്നാണ് പരാതി.ആശുപത്രിയില്‍ ഓരോ ദിവസവും ഓരോ വിഭാഗത്തിലും ഏത് ഡോക്ടറുടെ സേവനം ലഭ്യമാണെന്ന് പൊതുജനങ്ങളെ അറിയിക്കുന്ന സംവിധാനം കാര്യക്ഷമമായി നടപ്പാക്കാത്തതും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപമുണ്ട്.

മലയോര മേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ താലൂക്ക് ആശുപത്രിയില്‍ അടിയന്തരമായി ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്നും നിലവിലുള്ള കിടത്തി ചികിത്സാ സൗകര്യങ്ങള്‍ പൂർണതോതില്‍ പ്രവർത്തിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.

Post a Comment

أحدث أقدم
Join Our Whats App Group