‘എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ഉണ്ടായത്’; ചിറയിൻകീഴ് കോൺഗ്രസ് കയ്യാങ്കളിയിൽ കൂടുതൽ നടപടിക്ക് സാധ്യത
തിരുവനന്തപുരം ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിക്ക് സാധ്യത. സംഭവത്തിൽ എംഎൽഎ രമ്യ ഹരിദാസ് നേരിട്ട് മൊഴി നൽകാൻ ഉടൻ ഹാജരായേക്കും. എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ഉണ്ടായതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ദിവസം ഫോൺ വഴിയാണ് രമ്യ ഹരിദാസ് അന്വേഷണ സമിതിക്ക് വിശദീകരണം നൽകിയത്. നേരിട്ടുള്ള മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും തുടർനടപടിയെന്നാണ് വിവരം.
അതേസമയം, ജില്ലാ കമ്മിറ്റി അംഗം സജിത്ത് മുട്ടപ്പലത്തിനെതിരെ നടപടിയുണ്ടായാൽ പ്രതിഷേധിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. എംഎൽഎയാണ് ആദ്യം സജിത്തിനെ മർദിക്കുന്നതെന്ന തരത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സജിത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. സജിത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാക്കാനും യൂത്ത് കോൺഗ്രസ് ആലോചിക്കുന്നുണ്ട്.
അതിനിടെ, സജാദ് വിളിച്ചതിനെ തുടർന്നാണ് രമ്യ ഹരിദാസ് വീട്ടിലെത്തിയതെന്ന വാദവും ചോദ്യം ചെയ്യപ്പെടുകയാണ്. സജാദിന്റെ വീട്ടുകാരെ കാണാൻ രമ്യ എത്തുന്നുണ്ടെന്ന് അറിയിച്ച് എംഎൽഎയുടെ പിഎ പ്രദീപാണ് സജാദിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന സംശയവും ഉയരുന്നുണ്ട്. സംഘർഷത്തിന് പിന്നാലെ രമ്യ ഹരിദാസും മറ്റ് രണ്ടുപേരും ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വാഹനം റോഡിൽ നിർത്തിയ ശേഷമാണ് രമ്യ ഇടവഴിയിലൂടെ വീട്ടിലേക്ക് പ്രവേശിച്ചതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.
إرسال تعليق