അമ്പലക്കണ്ടി- ആറളം ഫാം പാലം നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം
ഇരിട്ടി: ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയില്‍ നിന്ന് ആറളം ഫാമിലേക്കുള്ള പാലം നിർമ്മാണം എട്ടുവർഷമായി അനിശ്ചിതത്വത്തില്‍.
2018ല്‍ നിർമ്മാണം ആരംഭിച്ച പാലത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് തൂണുകള്‍ മാത്രമാണ്. മലവെള്ളപ്പാച്ചിലില്‍ തൂണുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതോടെ നിർമ്മാണം നിലയ്ക്കുകയായിരുന്നു.
45 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. തൂണുകളുടെ നിർമ്മാണം പൂർത്തിയായതിന് പിന്നാലെയുണ്ടായ പ്രളയത്തില്‍ തൂണുകള്‍ക്ക് ബലക്ഷയമുണ്ടായി. ഇതോടെ തുടർ നിർമ്മാണവും നിലച്ചു.
നേരത്തെ ചെരിഞ്ഞ തൂണുകള്‍ക്ക് മുകളില്‍ മരത്തടികള്‍ ഉപയോഗിച്ച് ഒരുക്കിയ താത്ക്കാലിക നടപ്പാലമായിരുന്നു നാട്ടുകാരുടെ ആശ്രയം. ജീവൻ പണയം വച്ചാണ് പലരും ഇതുവഴി ആറളം ഫാമിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതും തകർന്നു.
2018ന് മുമ്പ് ഇവിടെയുണ്ടായിരുന്ന തൂക്കുപാലം പൊളിച്ചാണ് കോണ്‍ക്രീറ്റ് പാലത്തിന്റെ നിർമ്മാണമാരംഭിച്ചത്. പാലത്തിന്റെ പുനർനിർമ്മാണം അനിശ്ചിതത്വത്തിലാകുന്നതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.
പാലം വന്നാല്‍ യാത്ര എളുപ്പമാകും
പാലം പൂർത്തിയായാല്‍ ആറളം, ചെടിക്കുളം, അമ്പലക്കണ്ടി, വീർപ്പാട് മേഖലകളില്‍ നിന്നുള്ളവർക്ക് പേരാവൂർ, കൊട്ടിയൂർ, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച നിലവിലെ തൂണുകള്‍ക്ക് മുകളില്‍ പാലം നിർമ്മിക്കാൻ കഴിയില്ലെന്നും ഉയരം കൂടിയ പുതിയ പാലമാണ് ഏക പരിഹാരമെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ നിലപാട്. എന്നാല്‍ പുതിയ പാലത്തിന് കോടികള്‍ ചെലവഴിക്കേണ്ടിവരുമെന്നും ആവശ്യമായ ഫണ്ട് നിലവില്‍ ലഭ്യമല്ലെന്നുമാണ് അധികൃതരുടെ മറുപടി.
Post a Comment