വീണ്ടും 'ഭാരത് ജോഡോ യാത്ര', ബിജെപി ജയിച്ച മണ്ഡലങ്ങളിലേക്ക് കോൺഗ്രസ് ഇറങ്ങുന്നു; തുടക്കം യെദിയൂരപ്പയുടെ തട്ടകത്തിൽ
ബെംഗളൂരു: കർണാടകടത്തിൽ ബിജെപി ജയിച്ച നിയമസഭാ മണ്ഡലങ്ങളിൽ 'ഭാരത് ജോഡോ -2' പദയാത്ര നടത്താൻ കോൺഗ്രസ് ഒരുങ്ങുന്നു. 2023ൽ കോൺഗ്രസിന് നഷ്ടപ്പെട്ട 84 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പദയാത്രയ്ക്ക് സെപ്റ്റംബർ 30ന് തുടക്കമാകും. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയുടെയും തട്ടകമായ ശിവമോഗ ജില്ലയിലെ ശിഖാരിപുര മണ്ഡലത്തിൽ പദയാത്രയ്ക്ക് തുടക്കമാകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സമ്പൂർണ ആധിപത്യം ലക്ഷ്യമിട്ടാണ് ഭരണകക്ഷിയായ കോൺഗ്രസിൻ്റെ നീക്കം.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 2022ൽ നടന്ന ഭാരത് ജോഡോ യാത്രയുടെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് സമാന നീക്കം കർണാടകത്തിൽ സംഘടിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 2022ൽ സെപ്റ്റംബർ മാസം 30നായിരുന്നു രാഹുൽ നയിച്ച ഭാരത് ജോഡോ യാത്ര കർണാടകത്തിൽ പ്രവശിച്ചിരുന്നത്.
84 ദിവസം നീളുന്ന പദയാത്ര 29 ജില്ലകളിലൂടെ കടന്നുപോകുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി കെ ഹരിപ്രസാദ് അറിയിച്ചു. ഓരോ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ ആരംഭിക്കുന്ന പദയാത്ര വൈകുന്നേരത്തെ സമ്മേളനത്തോടെ സമാപിക്കും. അതത് ജില്ലകളിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പദയാത്രയിൽ പങ്കെടുക്കും. ശിഖാരിപുരയിൽ നടക്കുന്ന ഉദ്ഘാടനത്തിൽ മന്ത്രിമാരും ശിവമോഗയിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്ന് ബി കെ ഹരിപ്രസാദ് പറഞ്ഞു.
ശിഖാരിപുരയിൽ വിജയേന്ദ്രയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കാനിരിക്കെ ആണ് കോൺഗ്രസിൻ്റെ നീക്കം. അടുത്ത തെരഞ്ഞെടുപ്പിൽ വിജയേന്ദ്രയെ തോൽപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബിജെപി ചെയ്യുന്നതും അതിൻ്റെ അനന്തരഫലങ്ങളും ജനങ്ങളോട് പറയാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും ബി കെ ഹരിപ്രസാദ് വ്യക്തമാക്കി. നിലവിൽ ശിഖാരിപുരയിൽ നിന്നുള്ള എംഎൽഎയാണ് ബി വൈ വിജയേന്ദ്ര. മുമ്പ് വിജയേന്ദ്രയുടെ പിതാവ് കൂടിയായ യെദിയൂരപ്പയായിരുന്നു ശിഖാരിപുരയെ സഭയിൽ പ്രതിനിധീകരിച്ചിരുന്നത്. വിജയേന്ദ്രയുടെ ജ്യേഷ്ഠൻ വി വൈ രാഘവേന്ദ്ര ശിവമോഗയിൽ നിന്നുള്ള ബിജെപി എംപിയാണ്.
إرسال تعليق