Join News @ Iritty Whats App Group

മഴ മാറി, ചൂട് കൂടി; സെപ്റ്റംബറിൽ കേരളം ചുട്ടുപൊള്ളുന്നു

മഴ മാറി, ചൂട് കൂടി; സെപ്റ്റംബറിൽ കേരളം ചുട്ടുപൊള്ളുന്നു


സെപ്റ്റംബർ എത്തിയതോടെ കേരളത്തിൽ ചൂട് കൂടുന്നു. കാലവർഷം പൂർണമായി പിൻവാങ്ങിയിട്ടില്ലെങ്കിലും മഴ ദുർബലമായതാണ് സംസ്ഥാനത്ത് താപനില ഉയരാൻ പ്രധാന കാരണം. വേനൽക്കാലത്തിന് ഇനിയും മാസങ്ങൾ ബാക്കിനിൽക്കെ മഴക്കാലത്ത് തന്നെ ചൂട് ശക്തമായത് ആശങ്കയുയർത്തുന്നുണ്ട്. പുനലൂരിൽ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതായും വിവിധ ജില്ലകളിൽ ചൂട് ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്.

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങാനിരിക്കെ കേരളത്തിൽ മഴക്കുറവ് 23 ശതമാനമായി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെയുള്ള ഒരാഴ്ചയിൽ സാധാരണ ലഭിക്കേണ്ട 76.2 മില്ലിമീറ്റർ മഴയ്ക്ക് പകരം ലഭിച്ചത് 27.4 മില്ലിമീറ്റർ മാത്രമാണ്. അതായത് ഈ കാലയളവിൽ മഴക്കുറവ് 64 ശതമാനം. ജൂൺ ഒന്നിന് കാലവർഷം നേരത്തെയെത്തിയപ്പോൾ മികച്ച മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് മഴയുടെ ശക്തി കുറഞ്ഞു. എൽനിനോ പ്രതിഭാസവും മൺസൂൺ ദുർബലമാകാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കേരളത്തിൽ 1,367.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ട 1,746.8 മില്ലിമീറ്ററിനെ അപേക്ഷിച്ച് 22 ശതമാനം കുറവാണിത്. വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴക്കുറവ് കൂടുതലായി രേഖപ്പെടുത്തിയത്. സെപ്റ്റംബറിലും മഴ സാധാരണയേക്കാൾ കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. പെനിൻസുലാർ ഇന്ത്യയിൽ അടുത്ത ദിവസങ്ങളിലും മഴയുടെ പ്രവർത്തനം ദുർബലമായിരിക്കുമെന്നാണ് ഐഎംഡിയുടെ പ്രവചനം.

കാലവർഷം നിരാശപ്പെടുത്തുമ്പോൾ ഇനി പ്രതീക്ഷ തുലാവർഷത്തിലാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് വടക്കുകിഴക്കൻ മൺസൂൺ സീസൺ. അതേസമയം, മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും വർധനയുണ്ടായിട്ടുണ്ട്. ചൂട് കൂടുന്നതിനനുസരിച്ച് ഫാൻ, എയർകണ്ടീഷണർ ഉൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങളുടെ ഉപയോഗം വർധിക്കുന്നതാണ് ഉപഭോഗം ഉയരാൻ കാരണം. മഴക്കുറവും ഉയരുന്ന താപനിലയും തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലെ കാലാവസ്ഥയിലേക്കാണ് കേരളം ഉറ്റുനോക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group