‘മതങ്ങൾക്ക് സ്‌ത്രീ തുല്യത അംഗീകരിയുന്നതിൽ വിമുഖത, കാന്തപുരത്തിന്റെ പരാമർശം ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധം’; എം എ ബേബി
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. മതങ്ങൾ നിർഭാഗ്യവശാൽ സ്ത്രീതുല്യത അംഗീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ടെന്നും കാന്തപുരത്തിന്റെ പ്രതികരണം അതിന്റെ ഭാഗമാണെന്നും എം.എ. ബേബി പറഞ്ഞു.
സ്ത്രീകളെ സംബന്ധിച്ച് സമാന നിലപാടുകൾ ആർഎസ്എസും മോഹൻ ഭാഗവതും സ്വീകരിച്ചിട്ടുണ്ടെന്നും അതിന് സമാനമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നും അദ്ദേഹം വിമർശിച്ചു. കാന്തപുരത്തിന്റെ പരാമർശം ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണെന്നും എം.എ. ബേബി വ്യക്തമാക്കി.
മതശാസനകളേക്കാൾ ഭരണഘടനാ മൂല്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തുല്യതയുടെയും അവകാശങ്ങളുടെയും മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതികരണങ്ങൾ നടത്തുന്നവർ ആദ്യം സ്വയം പരിശോധന നടത്തണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു. കാന്തപുരം തന്റെ നിലപാട് സ്വയം പരിശോധിക്കണമെന്നും അദ്ദേഹം വിമർശിച്ചു.
Post a Comment