Join News @ Iritty Whats App Group

പായം കാടമുണ്ടയിലെ വനിതാ വ്യവസായ എസ്‌റ്റേറ്റ്‌ കാടുകയറി

പായം കാടമുണ്ടയിലെ വനിതാ വ്യവസായ എസ്‌റ്റേറ്റ്‌ കാടുകയറി


വനിതകള്‍ക്ക്‌ തൊഴിലും സ്വയംതൊഴില്‍ അവസരങ്ങളും ഒരുക്കുന്നതിനായി ലക്ഷങ്ങള്‍ മുടക്കി പായം പഞ്ചായത്തിലെ കാടമുണ്ടയില്‍ ആരംഭിച്ച വനിതാ വ്യവസായ എസ്‌റ്റേറ്റ്‌ കാടുകയറി നശിക്കുന്നു.

പത്ത്‌ വര്‍ഷത്തോളമായി പദ്ധതി ആരംഭിച്ചിട്ടും ലക്ഷ്യമിട്ട രീതിയില്‍ സംരംഭങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കാത്തതോടെ പൊതുഫണ്ട്‌ ചെലവഴിച്ച്‌ നിര്‍മിച്ച കെട്ടിടങ്ങള്‍ ഉപയോഗശൂന്യമാകുന്ന സ്‌ഥിതിയിലാണ്‌.
എസ്‌.സി. വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കുന്നതിനും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്‌ സൗകര്യമൊരുക്കുന്നതിനുമാണ്‌ കാടമുണ്ടയില്‍ വനിതാ വ്യവസായ എസ്‌റ്റേറ്റ്‌ ആരംഭിച്ചത്‌. വിവിധ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക്‌ ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കി വനിതാ കൂട്ടായ്‌മകള്‍ക്കും വ്യക്‌തികള്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവസരം നല്‍കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ പദ്ധതി ആരംഭിച്ച്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ലക്ഷ്യമിട്ട പല സംരംഭങ്ങളും ഇവിടെ യാഥാര്‍ഥ്യമായില്ല.
സംരംഭങ്ങള്‍ക്കായി നിര്‍മിച്ച കെട്ടിടങ്ങളില്‍ പലതും ദീര്‍ഘകാലമായി അടഞ്ഞുകിടക്കുകയാണ്‌. കെട്ടിടങ്ങള്‍ക്ക്‌ ചുറ്റും കാടുപിടിച്ചതോടെ എസ്‌റ്റേറ്റിന്റെ പല ഭാഗങ്ങളും കാഴ്‌ചയില്‍പോലും തിരിച്ചറിയാന്‍ കഴിയാത്ത സ്‌ഥിതിയിലായി. കാലപ്പഴക്കത്തിനൊപ്പം കൃത്യമായ അറ്റകുറ്റപ്പണികളും പരിപാലനവും നടക്കാത്തതാണ്‌ കെട്ടിടങ്ങളുടെ സ്‌ഥിതി കൂടുതല്‍ മോശമാകാന്‍ കാരണം.

വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ ചുമരുകളും മേല്‍ക്കൂരയും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ നാശത്തിലേക്ക്‌ നീങ്ങുകയാണ്‌. കെട്ടിടങ്ങളുടെ പരിസരത്ത്‌ കാടുവളര്‍ന്നതോടെ ഇഴജന്തുക്കളുടെ ശല്യത്തിനും സാധ്യതയുണ്ട്‌. ഗാര്‍മെന്റ്‌സ് യൂണിറ്റ്‌ ആരംഭിക്കുന്നതിനായി പ്രത്യേകം നിര്‍മിച്ച കെട്ടിടവും ഇപ്പോള്‍ കാടിനുള്ളില്‍ മറഞ്ഞ നിലയിലാണ്‌. ഇവിടെ ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്‌ ഏകദേശം ഒരു വര്‍ഷം മുമ്പാണെങ്കിലും ഇതുവരെ ഗാര്‍മെന്റ്‌സ് യൂണിറ്റ്‌ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച്‌ നിര്‍മിച്ച കെട്ടിടവും സൗകര്യങ്ങളും ഉപയോഗപ്പെടുത്താതെ കിടക്കുന്നതിനാല്‍ പദ്ധതി ലക്ഷ്യം തന്നെ നഷ്‌ടപ്പെടുന്ന അവസ്‌ഥയാണ്‌. പ്രദേശത്ത്‌ നിരവധി വനിതകള്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്‌ അവസരം തേടുന്ന സാഹചര്യത്തിലാണ്‌ ഇതിനായി സര്‍ക്കാര്‍ ഫണ്ട്‌ ഉപയോഗിച്ച്‌ ഒരുക്കിയ കെട്ടിടങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്നത്‌.

ചെറുകിട സംരംഭങ്ങള്‍, ഭക്ഷാ്യേല്‍പ്പന്ന നിര്‍മാണം, വസ്‌ത്രനിര്‍മാണം തുടങ്ങിയ മേഖലകളില്‍ വനിതകള്‍ക്ക്‌ സ്വയംതൊഴില്‍ കണ്ടെത്താന്‍ ഇത്തരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാകുമെന്നിരിക്കെയാണ്‌ വര്‍ഷങ്ങളായി എസ്‌റ്റേറ്റിന്റെ വലിയൊരു ഭാഗം നിര്‍ജീവമായി തുടരുന്നത്‌.സംരംഭകരെ കണ്ടെത്തി കെട്ടിടങ്ങള്‍ അനുവദിക്കുന്നതിനും പ്രവര്‍ത്തനം ആരംഭിക്കുന്നവര്‍ക്ക്‌ ആവശ്യമായ സാങ്കേതികവും ഭരണപരവുമായ സഹായം നല്‍കുന്നതിനും കൃത്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്‌. നിലവില്‍ എസ്‌റ്റേറ്റിന്റെ ഒരു ഭാഗത്ത്‌ ഖാദിയുടെ ഒരു യൂണിറ്റും അമൃതം പൊടി നിര്‍മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്നാല്‍ എസ്‌റ്റേറ്റിന്റെ മുഴുവന്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. 

വനിതകള്‍ക്ക്‌ തൊഴിലും വരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏതാനും യൂണിറ്റുകളില്‍ ഒതുങ്ങാതെ കൂടുതല്‍ സംരംഭങ്ങള്‍ക്ക്‌ വേദിയാകണമെന്നാണ്‌ ആവശ്യം. ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങള്‍ പുനരുദ്ധരിച്ച്‌ താല്‍പര്യമുള്ള വനിതകള്‍ക്കും വനിതാ കൂട്ടായ്‌മകള്‍ക്കും അനുവദിച്ചാല്‍ നിരവധി കുടുംബങ്ങള്‍ക്ക്‌ വരുമാനമാര്‍ഗം തുറക്കാനാകുമെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌.

പൊതുഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മിച്ച കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിനും എസ്‌റ്റേറ്റിന്റെ പ്രവര്‍ത്തനം പുനരുജ്‌ജീവിപ്പിക്കുന്നതിനും അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്‌തമാണ്‌. കെട്ടിടങ്ങളുടെ നിലവിലെ അവസ്‌ഥ പരിശോധിച്ച്‌ അറ്റകുറ്റപ്പണികള്‍ നടത്തുകയും കാടുകള്‍ വെട്ടിത്തെളിച്ച്‌ പരിസരം വൃത്തിയാക്കുകയും വേണം. തുടര്‍ന്ന്‌ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള വനിതകളെ കണ്ടെത്തി ആവശ്യമായ സൗകര്യങ്ങള്‍ അനുവദിക്കണമെന്നാണ്‌ ആവശ്യം.

പദ്ധതിയുടെ യഥാര്‍ഥ ലക്ഷ്യം കൈവരിക്കുന്ന തരത്തില്‍ എസ്‌റ്റേറ്റിന്റെ പ്രവര്‍ത്തനം പുനഃക്രമീകരിച്ചില്ലെങ്കില്‍, വനിതകള്‍ക്ക്‌ തൊഴില്‍ നല്‍കുന്നതിനായി ആരംഭിച്ച പദ്ധതി തന്നെ കാലക്രമേണ പൂര്‍ണമായും ഉപയോഗശൂന്യമായി മാറുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group